NEWS
ദോശ നൽകാൻ വൈകിയതിനെച്ചൊല്ലി കലഹം; ചായക്കട അടിച്ചു തകർത്തു

ശാസ്താംകോട്ട ( കൊല്ലം) ∙ ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലേമുറി അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരാണ് അറസ്റ്റിലായത്. ചക്കുവള്ളി– പുതിയകാവ് പ്രധാന പാതയോരത്ത് ശൂരനാട് കോയിക്കൽ ചന്തയിൽ രാവിലെ എട്ടരയോടെയാണ് സംഭവം.കടയിൽ ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെട്ടെങ്കിലും നൽകാൻ വൈകിയതിനെ തുടർന്ന് വാക്കുതർക്കവും ആക്രമണവും ഉണ്ടായതെന്നാണ് പരാതി. കടയുടമ മനാഫ്, ഭാര്യ സീനത്ത് എന്നിവരെ ആക്രമിച്ച പ്രതികൾ കടയിലെ ഗ്ലാസ് അലമാരയും മറ്റും അടിച്ചു തകർത്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സംഘർഷമായി. ഇതിനിടെ അജിക്ക് മറിഞ്ഞു വീണ് തലയ്ക്ക് പരുക്കേറ്റു. ഇയാളെ പ്രദേശവാസികൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടന്നുകളഞ്ഞ രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കിയെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Fashion ⏭️


