NEWS

സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്: ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി

തിരുവനന്തപുരം: പാർട്ടി നേതാക്കളിൽ ധാർഷ്ട്യം, അഴിമതി, സ്വജനപക്ഷപാതം, ആഡംബര ജീവിത ശൈലി എന്നിവ കടന്നുകൂടിയെന്നും, തിരുത്താനാകാത്തത് ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കിയെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. പാർട്ടി വെബ്‌സൈറ്റിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

എൽ.ഡി.എഫ് ഭരണ കാലത്ത് പല മന്ത്രിമാരും പാർട്ടി പ്രവർത്തകർക്ക് അപ്രാപ്യരായി. പല മന്ത്രിമാരും ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിച്ചു. പൊതു യോഗങ്ങളിൽ സംസാരിക്കുമ്പോഴും മാദ്ധ്യമങ്ങളുമായി ഇടപെടുമ്പോഴും നേതാക്കൾ ജാഗ്രത പുലർത്തിയില്ല. ചില നേതാക്കളുടെ പരാമർശം എതിരാളികൾ ഉപയോഗപ്പെടുത്തി. പാർട്ടി അണികൾക്ക് പാർട്ടി കാര്യങ്ങളിൽ അറിവ് കുറവാണ്. ചാനൽ ചർച്ചകളിൽ പോകുന്നവർക്ക് പാർട്ടി പരിശീലനമില്ല. ക്ഷേത്ര കമ്മിറ്റികളിൽ പാർട്ടി പ്രവർത്തകർ ഉൾപ്പെടണം.

ആർ.എസ്.എസ് ക്ഷേത്ര കമ്മിറ്റികളിലൂടെ, സ്ത്രീകളെ സംഘപരിവാർ സംഘടനകളിൽ അംഗങ്ങളാക്കുന്നത് തടയണം. പാർട്ടി പരിപാടികളുടെ ദൈർഘ്യവും പ്രസംഗത്തിന്റെ ശൈലിയും മാറ്റണം. അടിസ്ഥാന വിഭാഗങ്ങളായ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വോട്ട് ചെയ്തില്ല.

ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനും

വനിതകളെയും ന്യൂനപക്ഷങ്ങളെയും യുവാക്കളെയും സ്ഥാനാർത്ഥികളാക്കാതിരുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണം. മുൻ കാലങ്ങളിൽ സർക്കാർ നടപ്പാക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കാൻ പാർട്ടി ഉപസമിതിയെ നിയോഗിച്ചിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമിതിയുണ്ടായില്ല. 54 എം.എൽ.എമാരെ സിറ്റിംഗ് സീറ്റിൽ മത്സരിക്കാൻ അനുവദിച്ചു. എന്നാൽ കെ.കെ. ശൈലജയ്ക്ക് മാത്രം വി‌ജയ സാദ്ധ്യത കുറഞ്ഞ സീറ്റ് നൽകി. എന്തു ന്യായീകരണം പറഞ്ഞാലും, ജനങ്ങൾ ഇത് തെറ്റായി വ്യാഖ്യാനിച്ചു.

 ഭരണവിരുദ്ധത വന്നതിങ്ങനെ

കെ.എസ്.ആർ.ടി.സി – കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷനിലെ പ്രശ്നങ്ങൾ

സഹകരണ, പരമ്പരാഗത മേഖലകളിലെ പ്രശ്നങ്ങൾ

കെട്ടിട നികുതി വർദ്ധന

പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും സ്വേച്ഛാധിപത്യം

Read News ⏭️

Back to top button