NEWS

ഗവ. പ്ലീഡർ നിയമന വിവാദം; അലോഷ്യസ് സേവ്യറിനെ കാണാമെന്നറിയിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം ∙ ഗവ. പ്ലീഡർ നിയമനത്തിൽ വിമർശനമുന്നയിച്ച കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ കൂടിക്കാഴ്ച നടത്തും. ഇന്നോ നാളെയോ തിരുവനന്തപുരത്ത് കാണാമെന്നറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അലോഷ്യസിനെ ഫോണിൽ വിളിച്ചു. കാണാൻ സമയം തേടി മുഖ്യമന്ത്രിയുടെ ഓഫിസിന് അലോഷ്യസ് ഇന്നലെ കത്തുനൽകിയതിനു പിന്നാലെയാണ് വിളിയെത്തിയത്. ഇന്ന് ഉച്ചമുതൽ നാളെ വരെ മുഖ്യമന്ത്രി സ്ഥലത്തുണ്ടെന്നും കാണാമെന്നും അറിയിച്ചു.എസ്എഫ്ഐയിലും എബിവിപിയിലും പ്രവർത്തിച്ചവരെ പ്ലീഡർമാരാക്കിയെന്ന് ആരോപിച്ച് അലോഷ്യസ് കഴിഞ്ഞ ദിവസം സർക്കാരിനെതിരെ രംഗത്തുവന്നിരുന്നു. കോൺഗ്രസിന്റെ ഭാഗമായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് നൽകിയ പട്ടികയിൽ ഇവരുടെ പേരുണ്ടായിരുന്നുവെന്ന് കാട്ടി മുഖ്യമന്ത്രി തിരിച്ചടിച്ചു. സർക്കാർ നിയമനത്തിൽ കെഎസ്‌യു ഇടപെടേണ്ടതില്ലെന്നും കടുപ്പിച്ചു പറഞ്ഞു. പിന്നാലെ ഇരുവരും ഒരു ചടങ്ങിൽ പങ്കെടുത്തെങ്കിലും അലോഷ്യസിനെ മുഖ്യമന്ത്രി കാണാതെ പോയതിനെച്ചൊല്ലി പാർട്ടിക്കുള്ളിലും വിവാദമുയർന്നു.


Fashion ⏭️

Back to top button