മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ, പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു

തിരുവനന്തപുരം : കാന്തപുരം എ.പി. അബൂബേക്കർ മുസലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ലിഫ് ഹൗസിലെത്തി കണ്ട് സമസ്ത എ.പി വിഭാഗം നേതാക്കൾ. കാന്തപുരത്തിന്റെ പരാമർശത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് സമസ്ത നേതാക്കൾ ക്ലിഫ് ഹൗസിലെത്തിയത്. കാന്തപുരത്തിനെതിരായ പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് നേതാക്കൾ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായാണ് വിവരം. പിന്നാലെ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ പോസ്റ്റ് നീക്കി.
കാന്തപുരം വിഭാഗം മുതിർന്ന നേതാവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി കടലുണ്ടി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടത്. മുഖ്യന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ജമാഅത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു.


