നേഹയെക്കാൾ ഭദ്രകീർത്തി; വിനീത് ശ്രീനിവാസനോടുള്ള നിലപാട് വ്യക്തമാക്കി ടിപി സെൻകുമാർ

ടി പി സെൻകുമാർ, ഭദ്രകീർത്തി, വിനീത് ശ്രീനിവാസൻ
ഡൽഹിയിലെ വിദ്യാർത്ഥി സമരങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമായ നേഹ ബോറയെപ്പോലെ തന്റെ മകൾ വളരണമെന്ന നടൻ വിനീത് ശ്രീനിവാസന്റെ സാമൂഹിക മാധ്യമ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ജെഎൻയുവിലെ ഗവേഷകയും ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ അധ്യക്ഷയുമാണ് നേഹ ബോറ. ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് വിനീത് ശ്രീനിവാസന് ഒരു തുറന്ന കത്തെഴുതിയിരിക്കുകയാണ് മുൻ ഡിജിപി ടി പി സെൻകുമാർ.
ടി പി സെൻകുമാറിന്റെ വാക്കുകൾ
പ്രിയപ്പെട്ട വിനീത് ശ്രീനിവാസൻ,
നേഹ ബോറയെപ്പോലൊരു മകൾ വേണമെന്ന് ആഗ്രഹിക്കുന്നതിന് പകരം, വിനീതും ഈ സമൂഹവും മാതൃകയാക്കേണ്ടത് ഭദ്ര കീർത്തിയെപ്പോലെയുള്ള ഒരു മകളെ വളർത്തിയെടുക്കാനായിരിക്കണം.
നാരീശക്തിയുടെ ഉദാത്തമായ മാതൃക!
ഭദ്രാ, നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു!
ഏറ്റവും വേദന നിറഞ്ഞ സാഹചര്യത്തിൽ തന്റെ പിതാവിന് നീതി ലഭിക്കാനായി നീ കാണിച്ച ധീരതയും പതറാത്ത നിലപാടുകളും അതീവ പ്രചോദനാത്മകമാണ്. സ്വന്തം പിതാവിന്റെ വിയോഗത്തിന് ശേഷം, കടുത്ത പ്രതിസന്ധികൾക്കിടയിലും നീ പ്രകടിപ്പിച്ച ഈ മനക്കരുത്ത് ഇന്നത്തെ യുവതലമുറയ്ക്ക് വലിയൊരു പാഠമാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പിതാവിനെ നഷ്ടപ്പെട്ട ഭദ്രയ്ക്ക് ഇപ്പോൾ ജീവിതത്തിലെ വെല്ലുവിളികൾ ഒറ്റയ്ക്ക് നേരിടേണ്ടി വരുന്നു. ഈ പോരാളി പെൺകുട്ടിക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകി ചേർത്തുപിടിക്കാൻ സമൂഹം ഒന്നടങ്കം മുന്നോട്ടുവരണം. നീതിക്കായുള്ള അവളുടെ യാത്രയിൽ ഒപ്പം നിൽക്കാനും അന്തസ്സോടെ ജീവിക്കാൻ അവളെ പ്രാപ്തയാക്കാനും നമുക്ക് സാധിക്കണം.
നിന്റെ ആത്മവിശ്വാസവും ധൈര്യവും ഇനിയും നിരവധി പേർക്ക് വെളിച്ചമാകട്ടെ.
കരുത്തോടെ മുന്നേറുക ഭദ്രാ! നീതിക്കായുള്ള നിന്റെ പോരാട്ടത്തിന് സമൂഹത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും.
‘സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധവതിയായി വളരുന്ന ഒരു മകളെയാണ് എനിക്ക് ആവശ്യം. കേവലം അതിജീവനത്തിന് വേണ്ടി മാത്രം ജീവിക്കുന്നതോ, പങ്കാളിയെ സംരക്ഷിക്കുക എന്നത് മാത്രമാണ് തന്റെ ജീവിത ദൗത്യമെന്ന് വിശ്വസിക്കുന്നതോ ആയ ഒരു മകളെ എനിക്ക് വേണ്ട. സ്വന്തം വ്യക്തിത്വം തിരിച്ചറിയുന്ന, ആരുടെയും സഹായമില്ലാതെ നിലനിൽക്കാൻ കെൽപ്പുള്ള, നിശബ്ദയാക്കപ്പെടാൻ വിസമ്മതിക്കുന്ന, ലോകം മൊത്തം എതിർത്താലും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി അവൾ വളരണം. എന്റെ മകൾ ആരായിത്തീരണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്’- എന്നായിരുന്നു ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ കുറിച്ചത്. സമരമുഖത്തുള്ള നേഹ ബോറയുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു വിനീത് ഈ കുറിപ്പ് പങ്കുവെച്ചത്.
RELATED TOPICS: VINEETH SREENIVASAN NEHA BORA, TP SENKUMAR OPEN LETTER, BHADRA KEERTHI JUSTICE FIGHT, വിനീത് ശ്രീനിവാസൻ മകൾ, NEHA BORA




