NEWS

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് അവഹേളിച്ച കേസ്: ചേന്തി അനിലിന് ജാമ്യം


തിരുവനന്തപുരം ∙ മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയില്‍ തടഞ്ഞ് അവഹേളിച്ചെന്ന കേസില്‍ അറസ്റ്റിലായ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് അനിലിന് ജാമ്യം അനുവദിച്ചത്. ഇന്നു വൈകിട്ടു 4.30 വരെ അനിലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് അനിലിനെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും നോട്ടിസ് നല്‍കിയില്ലെന്നു പൊലീസ് തന്നെ സമ്മതിക്കുന്നുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാര്‍ വാദിച്ചു.മുഖ്യമന്ത്രിയെ തടഞ്ഞതിനും അസഭ്യം പറഞ്ഞതിനും ഗൂഢാലോചന കുറ്റം കൂടി അനിലിനെതിരെ പൊലീസ് ചുമത്തിയിരുന്നു. അനിലിനു ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഒട്ടേറെ കേസുകളില്‍ പ്രതിയായ അനില്‍ ശ്രീകാര്യം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ചെമ്പഴന്തിയിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം ചേന്തിയിൽ വച്ച് തടഞ്ഞുനിർത്തി മുഖ്യമന്ത്രിയോടു കയർത്തു സംസാരിച്ച് പൊതുമധ്യത്തിൽ അവഹേളിച്ചു എന്നാണ് ശ്രീകാര്യം പൊലീസ് റജിസ്റ്റർ ചെയ്ത കേസ്.


Fashion ⏭️

Back to top button