ചിലന്തിയെ കൊന്നാൽ പണി കിട്ടുമെന്ന് വിദഗ്ധർ: പക്ഷെ തുരത്താൻ വഴിയുണ്ട്

ചിലന്തി
വീടുകളിൽ സ്ഥിരം കാണുന്ന ജീവിയാണ് ചിലന്തി. മൂലകളിലും ഭിത്തികളിലും ചിലന്തികളെ കണ്ടാൽ കയ്യിൽ കിട്ടുന്ന സാധനമെടുത്ത് അടിച്ചു കൊല്ലുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഇനി മുതൽ ആ ശീലം മാറ്റണം. കാരണം വീട്ടിൽ കാണുന്ന ചിലന്തികളെ കൊല്ലുന്നത് കൂടുതൽ ചിലന്തികളെ ഈ സ്ഥലത്തേയ്ക്ക് ആകർഷിക്കാൻ കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഒരു ചിലന്തി ചത്തു കഴിഞ്ഞാൽ അവ പുറപ്പെടുവിക്കുന്ന പ്രത്യേകതരം രാസവസ്തു മറ്റ് ചിലന്തികളെ അങ്ങോട്ടേക്ക് ആകർഷിക്കാൻ കാരണമാകും. വീട്ടിലെ മറ്റ് പ്രാണികളെയും കൊതുകുകളെയും ഭക്ഷിക്കുന്നത് ചിലന്തികളാണ്. സാധാരണയായി വീടുകളിൽ കാണുന്ന ഭൂരിഭാഗം ചിലന്തികളും മനുഷ്യർക്ക് ഉപദ്രവകാരികളല്ല. അതിനാൽ അവയെ കൊല്ലാതെ വീട്ടിൽ നിന്ന് തുരത്താനാണ് ശ്രമിക്കേണ്ടത്. രാസവസ്തുക്കൾ നിറഞ്ഞ കീടനാശിനികൾക്ക് പകരം വീട്ടിൽ തന്നെയുള്ള ചില പ്രകൃതിദത്ത മാർഗങ്ങളിലൂടെ ചിലന്തികളെ വീടിന്റെ പരിസരത്ത് പോലും അടുപ്പിക്കാതെ നോക്കാൻ സാധിക്കും.
വിനാഗിരി
ചിലന്തികൾക്ക് ഒട്ടും സഹിക്കാൻ കഴിയാത്ത ഒന്നാണ് വിനാഗിരിയുടെ പുളിപ്പുള്ള ഗന്ധമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ ഇവയെ തുരത്താൻ ഏറ്റവും പ്രധാനപ്പെട്ട വഴികളിലൊന്നാണിത്. അതിനായി ഒരു സ്പ്രേ കുപ്പിയിലേയ്ക്ക് ഒരേ അളവിൽ വെള്ളവും വിനാഗിരിയും ചേർത്ത് ന്നായി യോജിപ്പിക്കണം. ശേഷം ഇത് ജനൽപ്പടികളിലും വാതിലിന്റെ മൂലകളിലും സ്പ്രേ ചെയ്യണം. ഇതുവഴി ചിലന്തി വരുന്നത് തടയാനാകും.
പെപ്പർമിന്റ് ഓയിൽ
പുതിനയുടെ ശക്തമായ സുഗന്ധം ചിലന്തികൾക്ക് ഇഷ്ടമല്ല. കുറച്ച് വെള്ളത്തിൽ അഞ്ചുതുള്ളി പെപ്പർമിന്റ് ഓയിൽ ചേർത്ത് ചിലന്തികൾ വരാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ തളിക്കണം.
നാരങ്ങയുടെ തൊലി
നാരങ്ങ, ഓറഞ്ച് എന്നിവയുടെ തൊലികൾ ജനലുകളുടെയും വാതിലുകളുടെയും പാളികളിൽ തിരുമ്മുന്നത് ചിലന്തികളെ അകറ്റി നിർത്താൻ സഹായിക്കുന്നു. ഈ രീതികൾ കൃത്യമായി പിന്തുടർന്നാൽ കൊല്ലാതെ തന്നെ ചിലന്തികളെ പ്രതിരോധിക്കാൻ സാധിക്കും.
English Summary
Experts warn against killing spiders, as they play an important role in controlling pests by feeding on insects. Instead of killing them, it is better to gently remove or repel them using safe, natural methods to keep them out of your home.
News ⏭️


