NEWS

ഓണക്കാല സ്പെഷൽ ട്രെയിനുകൾ ആലപ്പുഴയെ മറന്നു; സിംഗിൾ ലൈൻ പാത എന്ന് കാരണം


ആലപ്പുഴ ∙ ഓണക്കാലത്തു മലയാളികൾക്കു നാട്ടിലെത്താനായി പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകളിൽ ഇടം ലഭിക്കാതെ ആലപ്പുഴ. നിലവിൽ പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകളൊന്നും ആലപ്പുഴ വഴിയുള്ളതല്ല. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചെന്നൈ സെൻട്രൽ– കൊല്ലം എക്സ്പ്രസ് (06119), തിരുവനന്തപുരം നോർത്ത് – മംഗളൂരു ജംക്‌ഷൻ ഓണം സ്പെഷൽ ട്രെയിൻ (06093) അടക്കം മിക്ക ട്രെയിനുകളും കോട്ടയം വഴിയാണ് കടന്നുപോകുന്നത്. ജില്ലയിൽ ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് ചില ട്രെയിനുകൾക്കെങ്കിലും സ്റ്റോപ്പുകളുള്ളത്. സർവീസ് ദീർഘിപ്പിച്ച ട്രെയിനുകളും ആലപ്പുഴ വഴി കടന്നുപോകുന്നില്ല. ചില സ്പെഷൽ ട്രെയിനുകൾ എറണാകുളം വരെയും തമിഴ്നാട് വഴി കൊല്ലം വരെയുമാണുള്ളത്.സിംഗിൾ ലൈൻ പാതയാണ് എന്ന കാരണം പറഞ്ഞാണ് ആലപ്പുഴയെ തഴയുന്നതെങ്കിലും ഇത് നീതീകരിക്കാവുന്നതല്ല എന്നാണ് യാത്രക്കാർ പറയുന്നത്. മറ്റു പല സിംഗിൾ ലൈൻ പാതകളിലൂടെയും സ്പെഷൽ ട്രെയിനുകൾ പോകുന്നുണ്ടെന്നും കാര്യക്ഷമമായ രീതിയിൽ സമയക്രമീകരണം നടത്തിയാൽ ആലപ്പുഴ വഴിയും സ്പെഷൽ ട്രെയിനുകൾ പോകാൻ സാധിക്കുന്നുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വർഷം ആലപ്പുഴ വഴി സ്പെഷൽ ട്രെയിനുകൾ ഓടിയിരുന്നു.


Fashion ⏭️

Back to top button