LIFESTYLE

സൂക്ഷിക്കുക, ഇത് എവിടെയും സംഭവിക്കാം: ചുറ്റുമതിൽ മഴയത്തു തകർന്നുവീണു; വെള്ളവും മണ്ണും മാരകമായ കോമ്പിനേഷൻ; അനുഭവം


ഏതാണ്ട് ഒരു മാസം മുൻപ് നാട്ടിൽ ഉള്ളപ്പോഴാണ് ദുബായിൽ നിന്നും രഞ്ജിത്ത് എന്നെ വിളിക്കുന്നത്, സാധാരണ അത്തരത്തിൽ ആളുകൾ വിളിക്കുന്നത് വീട് നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് എങ്കിൽ ഈ വിളി മറ്റൊരു കാര്യത്തിന് വേണ്ടിയായിരുന്നു. രഞ്ജിത്തിന്റെ വീടിന്റെ പുറകുവശത്തെ ചുറ്റുമതിൽ മഴയത്തു തകർന്നു വീണിരിക്കുന്നു, അത് പുനർനിർമിക്കുംമുൻപ് ഞാൻ സ്ഥലം ഒന്ന് കാണണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.സത്യത്തിൽ പതിവിൽനിന്നും വ്യത്യസ്തമായ ഒരു കേസ് ലഭിക്കുമ്പോഴുള്ള ഉന്മേഷം ഒന്ന് വേറെയാണ്, അതുകൊണ്ടുതന്നെ കേൾക്കുമ്പോൾ നിസ്സാരം എന്ന് തോന്നാവുന്ന ഈ കേസ് ഒന്ന് ഏറ്റെടുക്കാൻ തീരുമാനിച്ചു.മതിൽ എന്ന് പറഞ്ഞാൽ അതൊരു സാധാരണ കോമ്പൗണ്ട് വാൾ അല്ല, വീടിന്റെ അതിര് ആണെങ്കിലും അതൊരു റീറ്റെയിനിങ് വാൾ ആണ്. എന്താണ് ഒരു സാധാരണ വാളും, റീട്ടെയിനിങ് വാളും തമ്മിലുള്ള വ്യത്യാസം..? നിരപ്പായ ഒരു സ്ഥലത്ത് ഒരു ഭിത്തി പണിതാൽ അതിനെയാണ് സാധാരണ വാൾ എന്ന് വിളിക്കുന്നത്, എന്നാൽ ആ വാൾ അതിന്റെ ഒരു വശത്തായി മണ്ണിനെ തടഞ്ഞു നിർത്തുമ്പോൾ അതൊരു റീട്ടെയിനിങ് വാൾ ആയി മാറുന്നു.മനസ്സിലാക്കാനായി വേറൊരു ഉദാഹരണം പറയാം. നമുക്ക് ഇടുക്കി ഡാമിലേക്ക് പോകാം, ആ ഡാം വെള്ളം തടഞ്ഞു നിർത്തുന്നു എന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം. ഡാം വെള്ളത്തെ തടഞ്ഞു നിർത്തുന്നു എങ്കിൽ റീട്ടെയിനിങ് വാൾ മണ്ണിനെ തടഞ്ഞു നിർത്തുന്നു എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ ഒരു ഡാം ഡിസൈനിൽ വേണ്ടുന്ന ഗൗരവം റീട്ടെയിനിങ് വാൾ നിർമാണത്തിലും നൽകണം എന്ന് സാരം.ഇനി നമുക്ക് രഞ്ജിത്തിന്റെ സൈറ്റിലേക്ക് പോകാം. ഏതാണ്ട് 15 അടി ഉയരമുണ്ട്, അദ്ദേഹത്തിന്റെ വീടിനുപുറകിലുള്ള, നിലവിൽ ഇടിഞ്ഞു വീണ, മതിൽ എന്ന് നാം വിളിക്കുന്ന, റീട്ടെയിങ് വാളിന്. ഇത്തരം പൊളിഞ്ഞുവീണ ഭിത്തികൾ പരിശോധിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട രണ്ടു ഘട്ടങ്ങൾ ഉണ്ട്.ഒന്ന് – നിലവിൽ പൊളിഞ്ഞു വീണ ഭാഗം.രണ്ട് – ഇപ്പോൾ പൊളിഞ്ഞു വീഴാത്ത, എന്നാൽ ഇനിയങ്ങോട്ട് പൊളിഞ്ഞു വീഴാൻ സാധ്യതയുള്ള ഭാഗം. പ്രശ്നപരിഹാരം ആരംഭിക്കേണ്ടത് രണ്ടാം ഘട്ടത്തിൽ നിന്നാണ്. അതായത് പൊളിഞ്ഞു വീഴാൻ തയാറായി നിൽക്കുന്ന ഭാഗം കൂടി പൊളിച്ചുനീക്കി പുനർനിർമാണം നടത്തിയാലേ ഈ പ്രശ്നം സ്ഥിരമായി പരിഹരിക്കാൻ കഴിയൂ. അല്ലെങ്കിൽ ഈ തകർച്ച തുടർക്കഥയാവും.


Cinema ⏭️

Back to top button