ഹരിപ്പാട്ടെ ക്രൂര കൊലപാതകം; 13കാരി ക്വട്ടേഷൻ നൽകിയത് ഐ ഫോണും ബൈക്കും വാങ്ങാൻ? കൂടുതൽ വിവരങ്ങൾ പുറത്ത്

ശിവൻകുട്ടി ചെട്ടിയാർ, എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്ര കരുവാറ്റയിൽ കൊലപാതകം നടന്ന വീട്ടിൽ എത്തിയപ്പോൾ
ഹരിപ്പാട്: കരുവാറ്റയിൽ വീട്ടിൽ ഒറ്റയ്ക്കായിരുന്ന ഗൃഹനാഥനെ കൈകാലുകൾ തുണികൊണ്ട് കൂട്ടിക്കെട്ടി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കരുവാറ്റ ഒമ്പതാം വാർഡ് മാടപ്പുരയ്ക്കൽ പടീറ്റതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പലപ്പുഴ കരൂർ ശിവൻകുട്ടി ചെട്ടിയാരാണ് (65) മരിച്ചത്. സംഭവത്തിൽ ശിവൻകുട്ടിയുടെ അടുത്ത ബന്ധുവായ 13 വയസുകാരിയടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മോഷണത്തെത്തുടർന്നുള്ള കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. 13കാരിയടക്കമുള്ള കൗമാരസംഘമാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ മറ്റ് മൂന്നുപേർ കൊല്ലം പരവൂർ സ്വദേശികളാണ്. 17 കാരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതക ദൃശ്യമടക്കം ബന്ധുവായ പെൺകുട്ടിക്ക് പ്രതികൾ വീഡിയോ കോളിലൂടെ കാണിച്ചുനൽകിയെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലെ അലമാരയിൽ ആറുപവൻ സ്വർണം ഉണ്ടായിരുന്നുവെന്ന് ഈ പെൺകുട്ടിക്ക് അറിയാമായിരുന്നു. ഇത് വിറ്റ് ഐ ഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനാണ് സംഘം ലക്ഷ്യമിട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മകൾ ഗർഭിണിയായിരുന്നു. പ്രസവത്തിനായി മകളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂട്ടിരിക്കാനായി ശിവൻകുട്ടിയുടെ ഭാര്യയും പോയിരുന്നു. ശിവൻകുട്ടിയും ചെറുമകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ കൊലപാതകം നടക്കുമ്പോൾ പെൺകുട്ടി വീട്ടിലുണ്ടായിരുന്നില്ല. ഞായറാഴ്ച രാത്രി സ്ഥലത്തെത്തിയ പ്രതികൾ ടോയ്ലറ്റിന്റെ വെന്റിലേഷൻ വഴിയാണ് വീട്ടിനുള്ളിൽ കയറിയത്.
ശിവൻകുട്ടിയുടെ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കഴുത്തിൽ തുണി മുറുക്കിയ പാടുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ 13കാരി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ശിവൻകുട്ടിയുടെ ശരീരത്തിലും വീട്ടിലും അലമാരയിലും മുളകുപൊടി വാരിവിതറിയിട്ടുണ്ടായിരുന്നു. വീട്ടിലെ അടുക്കളയിൽ നിന്ന് തന്നെയാണ് പ്രതികൾ മുളകുപൊടി എടുത്തിരിക്കുന്നത്.
പൊലീസ് വീട്ടിലെത്തിയപ്പോൾ വീട്ടുസാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലമാരകളെല്ലാം കുത്തിത്തുറന്നിട്ടിട്ടുണ്ട്. വീട്ടിലെ തുണിയുപോഗിച്ചാണ് ശിവൻകുട്ടിയുടെ കൈകാലുകൾ കെട്ടിയത്. സംഭവം നടന്ന വീട് ഒറ്റപ്പെട്ട സ്ഥലത്താണ്. വീടിന്റെ മുൻഭാഗത്ത് മറ്റൊരു കെട്ടിടത്തിന്റെ നിർമാണം നടക്കുന്നതിനാൽ ആളുകളുടെ ശ്രദ്ധയെത്തില്ല. പൊലീസ് നായ വീട്ടിലെത്തിയശേഷം ആദ്യം ഓടിയെത്തിയത് പുതിയതായി നിർമിക്കുന്ന കെട്ടിടത്തിലേക്കായിരുന്നു. ഇതിനെത്തുടർന്ന് ഈ കെട്ടിടവുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
കൊല്ലം പരവൂർ സ്വദേശിയാണ് ശിവൻകുട്ടി. ഇവർ രണ്ടുവർഷം മുൻപാണ് കരുവാറ്റയിൽ താമസം തുടങ്ങിയത്. വാടകവീടിന് തൊട്ടടുത്ത് സ്ഥലം വാങ്ങി രണ്ടുപെൺമക്കൾക്കായി വീടുപണിയുന്നുണ്ട്. ശിവൻകുട്ടിക്ക് മൂന്നുമക്കളാണ് ഒരു മകൻ നേരത്തെ മരിച്ചു. മറ്റൊരു മകൾ ശശികല വിദേശത്താണ്.
English Summary
A 65-year-old homeowner, Sivankutty Chettiyar, was found murdered in his Karuvatta rental home, with hands and feet tied. Police suspect the killing was a robbery attempt. Four individuals, including a 13-year-old relative and three 17-year-olds, have been taken into custody. The younger girl allegedly informed the group about the victim’s gold, planning to buy an iPhone and bikes.
RELATED TOPICS: HARIPAD MURDER, KARUVATTA MURDER, HARIPAD CRIME, KERALA MURDER CASE, ALAPPUZHA MURDER
Read News ⏭️


