NEWS
പഞ്ചാബ് നാഷനൽ ബാങ്കും കനറാ ബാങ്കും എസ്ബിഐയിൽ ലയിക്കും? നിഷേധിച്ച് കേന്ദ്രം; പ്രചരിക്കുന്നത് വ്യാജ ചിത്രം

പൊതുമേഖലാ ബാങ്കുകളായ എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവ തമ്മിൽ ലയിക്കുമെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ തള്ളി കേന്ദ്രസർക്കാർ. ലയനമുണ്ടാകുമെന്നതു സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. ലയനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണ്. കേന്ദ്രസർക്കാരോ റിസർവ് ബാങ്കോ ധനമന്ത്രാലയത്തിലെ ഫിനാൻഷ്യൽ സർവീസസ് വകുപ്പോ ബാങ്ക് ലയനം സംബന്ധിച്ച് പരസ്യമായി പ്രഖ്യാപിച്ചിട്ടുമില്ല. സർക്കാർ പ്ലാറ്റ്ഫോമുകളിലോ ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട മാധ്യമത്തിലോ വന്ന ചിത്രമല്ല അതെന്നും പിഐബി വ്യക്തമാക്കി. നിലവിൽ ലോകത്തെ ഏറ്റവും വലിയ 30 ബാങ്കുകളുടെ പട്ടികയെടുത്താൽ ഇന്ത്യയിൽ നിന്ന് ഒന്നുപോലുമില്ല. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) സ്ഥാനം 40ന് മുകളിലാണ്. ബാങ്കുകളെ സംയോജിപ്പിച്ച് ലോകത്തെ ആദ്യ 20 മുൻനിര ബാങ്കുകളുടെ ഗണത്തിലേക്ക് ഇന്ത്യയിലെ രണ്ടു പൊതുമേഖലാ ബാങ്കുകളെയെങ്കിലും കൊണ്ടുവരണമെന്ന നിർദേശമാണ് കേന്ദ്രത്തിന്റെ ലയനനീക്കത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, പൊതുമേഖലാ ബാങ്ക് ലയനം ആലോചനയിലേ ഇല്ലെന്ന് വ്യക്തമാക്കി ഇക്കാര്യങ്ങളെല്ലാം കേന്ദ്രം നിഷേധിച്ചിരുന്നു.
Source link


