NEWS
എം.കെ.മുനീർ ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ; ദേവരാജൻ ഡൽഹിയിലെ പ്രതിനിധി, കാബിനറ്റ് റാങ്ക്

തിരുവനന്തപുരം∙ മുസ്‌ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ എം.കെ.മുനീറിനെ ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി.ദേവരാജനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. കാബിനറ്റ് റാങ്കോടെയാണു നിയമനം. 5 മന്ത്രിമാർക്കു പുറമേ ഒരാൾ കൂടിയെത്തിയതോടെ മുസ്ലിം ലീഗിന് 6 കാബിനറ്റ് പദവികളായി.മുഖ്യമന്ത്രി, 20 മന്ത്രിമാർ, ചീഫ് വിപ്പ് എന്നിവരടക്കം സംസ്ഥാന സർക്കാരിൽ കാബിനറ്റ് റാങ്കുള്ളവരുടെ എണ്ണം 24 ആയി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു ഭരണപരിഷ്‌കാര കമ്മിഷന്റെ അധ്യക്ഷൻ. 2021ൽ അനാരോഗ്യത്തെ തുടർന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. രണ്ടാം പിണറായി സർക്കാരിൽ ആ പദവി ഉണ്ടായിരുന്നില്ല. ഭരണ നിർവഹണം, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം എന്നിവ പഠിച്ച് ശുപാർശകൾ നൽകുകയാണ് കമ്മിഷന്റെ ചുമതല.
Fashion ⏭️




