തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ട്രംപിനെ ദിവസവും വിളിച്ച് നെതന്യാഹു; ഓരോ തവണയും ആ ഒരൊറ്റ ചോദ്യം

വാഷിങ്ടൻ ∙ ഇടക്കാല തിരഞ്ഞെടുപ്പിലെ പരാജയത്തിനിടയിൽ, ഇറാനുമായുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതെങ്കിലും, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വൈറ്റ് ഹൗസുമായി നിരന്തര ബന്ധം പുലർത്തുന്നതായാണ് പുതിയ വെളിപ്പെടുത്തലുകൾ. ഇറാനെതിരെ സൈനിക നടപടികൾ തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നെതന്യാഹു നിരന്തരം സമ്മർദ്ദം ചെലുത്തുന്നതായി ‘ഫിനാൻഷ്യൽ ടൈംസ്’ വ്യക്തമാക്കുന്നു.
അതേസമയം, ഇറാന് നേരെ തുടർന്നും ആക്രമണങ്ങൾ നടത്തുന്നതിനോട് അമേരിക്കൻ പൊതുസമൂഹത്തിന് താല്പര്യമില്ലെന്നാണ് സൂചനകൾ. നെതന്യാഹു യുദ്ധത്തിനായി വാശിപിടിക്കുമ്പോൾ, സമാധാനപരമായ നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണാനാണ് അറബ് രാഷ്ട്രത്തലവന്മാർ അമേരിക്കയോട് നിർദ്ദേശിക്കുന്നത്.
അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷവും ഇറാൻ മേഖലയിൽ ചെറു ആക്രമണങ്ങൾ അരങ്ങേറിയിരുന്നു. ഹോർമുസ് കടലിടുക്കിലെ ഖേഷം ദ്വീപിലായിരുന്നു പ്രധാനമായും അമേരിക്കൻ സേനയുടെ നടപടികൾ. ഇറാൻ പുതുതായി സ്ഥാപിച്ച വ്യോമപ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ഇത്തരം ചെറിയ തോതിലുള്ള ആക്രമണങ്ങൾ തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് തന്നെ പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.




