മൂവാറ്റുപുഴ-തേനി പാത: കുടിയൊഴിപ്പിക്കൽ ശ്രമം തടഞ്ഞ് മൂന്ന് കുടുംബങ്ങൾ

തൊടുപുഴ: മൂവാറ്റുപുഴ–തേനി സംസ്ഥാനപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കോട്ട റോഡ് വികസനത്തിനായി പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കാനുള്ള നടപടികൾ ഈസ്റ്റ് കലൂർ അങ്കണവാടിക്കു സമീപം തടസ്സപ്പെട്ടു. മൂന്ന് വീടുകൾ ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ എത്തിയെങ്കിലും, പ്രദേശവാസികളും വീട്ടുകാരും ജനപ്രതിനിധികളും ശക്തമായി പ്രതിഷേധിച്ചതോടെ നടപടികൾ നിർത്തിവെച്ചു. തുടർന്ന്, അടുത്തദിവസം ചർച്ച നടത്താമെന്ന ഉറപ്പിന്മേലാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
പത്ത് മുതൽ ഇരുപത്തിയഞ്ച് സെന്റ് വരെ വിസ്തൃതിയുള്ള പുരയിടങ്ങളിലെ മൂന്ന് വീടുകൾ ഏറ്റെടുക്കാനായിരുന്നു അധികൃതരുടെ നീക്കം. എന്നാൽ, മൂന്ന് പതിറ്റാണ്ട് മുൻപ് തീറാധാരം വഴി വിലയ്ക്കു വാങ്ങിയ ഈ സ്ഥലത്തിന് കൃത്യമായി കരം അടയ്ക്കാറുണ്ടെന്നും ഇതിന്റെ രേഖകൾ കൈവശമുണ്ടെന്നും വീട്ടുകാർ വ്യക്തമാക്കി. ഇവ ഉടൻ തന്നെ റവന്യൂ ഉദ്യോഗസ്ഥരെ കാണിക്കുകയും ചെയ്തു.
2013-ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, താലൂക്കിലെ ലിത്തോ മാപ്പ് പ്രകാരം ഇവരുടെ കൈവശമുണ്ടായിരുന്ന ഭൂമിയിൽ നിന്ന് മൂന്ന് മുതൽ അഞ്ച് സെന്റ് വരെ സ്ഥലം നേരത്തെ അളന്ന് തിരിച്ച് റോഡ് നിർമ്മാണത്തിനായി ഏറ്റെടുത്തിരുന്നു. ഇതിനുശേഷം, രണ്ട് മാസം മുൻപ് സാറ്റലൈറ്റ് സർവേ നടത്തി ഈ വീടുകൾക്ക് സമീപത്തായി കല്ലുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇതിന് വിരുദ്ധമായി റീ-സർവേയുടെ പേര് പറഞ്ഞ് വീടുകളിൽ നിന്ന് ഒഴിപ്പിക്കാൻ ഇന്നലെ അധികൃതർ എത്തുകയായിരുന്നു. ഹൈക്കോടതിയുടെ പഴയ ഉത്തരവും ലിത്തോ മാപ്പ് പ്രകാരമുള്ള അളവുകളും ഉദ്യോഗസ്ഥരെ കാണിച്ച് വീട്ടുകാർ തങ്ങളുടെ വാദങ്ങൾ സമർത്ഥിച്ചു.




