മുഷ്താഖ് അലി ട്രോഫി: കേരള ക്രിക്കറ്റ് ടീം നായകനായി സഞ്ജു സാംസൺ

തിരുവനന്തപുരം∙ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസൺ വീണ്ടും കേരള ടീമിന്റെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. ഈ മാസം 14-ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ദേശീയ ട്വന്റി20 ടൂർണമെന്റിൽ സഞ്ജു സാംസൺ തന്നെയാകും ടീമിനെ നയിക്കുക. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര പൂർത്തിയാക്കി തിരിച്ചെത്തിയ സഞ്ജു ഇപ്പോൾ നാട്ടിലുണ്ട്.
എലീറ്റ് ഗ്രൂപ്പ് സിയിൽ ഉൾപ്പെട്ട കേരളത്തിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ മൊഹാലിയിലെയും ന്യൂ ചണ്ഡിഗഡിലെയും സ്റ്റേഡിയങ്ങളിലായാണ് നടക്കുന്നത്. 14-ന് മധ്യപ്രദേശുമായാണ് കേരളത്തിന്റെ ആദ്യ പോരാട്ടം. ആന്ധ്രപ്രദേശ്, ഹിമാചൽ പ്രദേശ്, അസം, പുതുച്ചേരി, മഹാരാഷ്ട്ര, ത്രിപുര എന്നീ ടീമുകളും ഇതേ ഗ്രൂപ്പിൽ സഞ്ജുപ്പടയ്ക്കൊപ്പമുണ്ട്. മുൻ സീസണുകളിൽ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായ കേരളം, ഇത്തവണ കരുത്തുറ്റ പ്രകടനത്തിലൂടെ നോക്കൗട്ട് റൗണ്ടിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് കളത്തിലിറങ്ങുന്നത്.




