മോട്ടോർ വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ 40 ശതമാനം ഇളവ്

നിങ്ങളുടെ വാഹനത്തിന്റെ നികുതി അടയ്ക്കാൻ വൈകിയിട്ടുണ്ടോ? വലിയൊരു തുക കുടിശ്ശികയായി കിടപ്പുണ്ടോ? എങ്കിൽ മോട്ടോർ വാഹന വകുപ്പ് ഇപ്പോൾ ആവിഷ്കരിച്ചിരിക്കുന്ന ‘വൺ ടൈം സെറ്റിൽമെന്റ്’ പദ്ധതി വഴി നിങ്ങൾക്ക് ആ ബാധ്യതകൾ തീർപ്പാക്കാം. നിയമപരമായ നടപടികൾ ഒഴിവാക്കുന്നതിനൊപ്പം നികുതിയിൽ പ്രത്യേക ഇളവുകളും ഈ പദ്ധതിയിലൂടെ ലഭിക്കും. 2027 മാർച്ച് 31 വരെയാണ് ഇതിനുള്ള അവസരം.
ആർക്കൊക്കെ ഈ ആനുകൂല്യം ലഭിക്കും?
∙ അർഹത: 2026 മാർച്ച് 31 വരെ കണക്കാക്കുമ്പോൾ, തുടർച്ചയായി നാല് വർഷമോ അതിൽ കൂടുതലോ നികുതി അടയ്ക്കാൻ ബാക്കിയുള്ള വാഹന ഉടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
∙ നോൺ-ട്രാൻസ്പോർട്ട് വാഹനങ്ങൾ: 2026 മാർച്ച് 31-ലെ കണക്കുപ്രകാരം നാല് വർഷത്തെ നികുതി കുടിശ്ശികയും അതിന്മേലുള്ള പിഴയും പലിശയും ഉൾപ്പെടെയുള്ള തുകയുടെ 40 ശതമാനം മാത്രം ഒടുക്കിയാൽ മതിയാകും.
∙ ലഭിക്കുന്ന മറ്റ് ഇളവുകൾ: ഈ പദ്ധതിയിൽ ചേരുന്നവർക്ക് ഗ്രീൻ ടാക്സ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കലിനുള്ള പിഴ, മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് വിഹിതം എന്നിവയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കൽ ലഭിക്കുന്നതാണ്.
∙ റവന്യൂ റിക്കവറി: റവന്യൂ റിക്കവറി നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാഹന ഉടമകൾക്ക്, നിശ്ചയിച്ചിട്ടുള്ള നികുതി കുടിശ്ശികയോടൊപ്പം കളക്ഷൻ ചാർജുകൾ കൂടി അടച്ച് കേസ് അവസാനിപ്പിക്കാനും സാധിക്കും.




