NEWS

ബേപ്പൂർ തുറമുഖത്ത് ചരക്കുനീക്കത്തിനിടെ ക്രെയിൻ തകർന്നു വീണു: ലക്ഷദ്വീപ് ഉരുവിലേക്ക് ചരക്ക് കയറ്റുന്നതിനിടെ അപകടം

ബേപ്പൂർ തുറമുഖത്ത് ലക്ഷദ്വീപിലേക്കുള്ള ഉരുവിൽ ചരക്കുകൾ നിറയ്ക്കുന്നതിനിടെ സ്റ്റാൻഡിങ് ക്രെയിൻ തകർന്നു വീണു. അപ്രതീക്ഷിതമായി വലിയ ശബ്ദത്തോടെ ക്രെയിൻ നിലംപതിച്ചെങ്കിലും, ശബ്ദം കേട്ടയുടൻ തൊഴിലാളികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി മാറിയതിനാൽ വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 8.45-ഓടെയാണ് പഴയ വാർഫിലെ മൂന്നാം നമ്പർ ക്രെയിൻ തകർന്നുവീണത്. കവരത്തി, ആന്ത്രോത്ത് ദ്വീപുകളിലേക്ക് ചരക്കുകളുമായി പോകാൻ തയ്യാറെടുക്കുന്ന ‘സർക്കാർ’ എന്ന ഉരുവിലേക്ക് ജെല്ലി നിറയ്ക്കുന്നതിനിടെയാണ് സംഭവം. ജെല്ലി നിറച്ച വല ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിക്കുന്നതിനിടയിൽ ക്രെയിൻ പെട്ടെന്നു പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ചരക്കുനീക്കത്തിൽ ഏർപ്പെട്ടിരുന്നവർ പരിഭ്രാന്തരായി ഓടി രക്ഷപ്പെടുകയായിരുന്നു. ക്രെയിൻ തകർന്നതോടെ ഉച്ചവരെ പഴയ വാർഫിലെ ചരക്ക് കയറ്റിറക്ക് ജോലികൾ പൂർണ്ണമായും തടസ്സപ്പെട്ടു. ക്രെയിനിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായതെന്ന് തൊഴിലാളികൾ വ്യക്തമാക്കി.

Fashion ⏭️

Back to top button