LIFESTYLE

സിപിആർ നൽകി രക്ഷപ്പെടുത്തിയത് രണ്ട് ജീവൻ; വൈറലായി കുട്ടിപ്പട


അപകടത്തിൽപ്പെട്ട അണ്ണാൻകുഞ്ഞിന് സിപിആർ നൽകുന്ന കുട്ടികൾ

പൂവിനെയും കിളികളെയും ചുറ്റുമുള്ള എല്ലാത്തിനെയും സ്‌നേഹിക്കാൻ കുട്ടികൾക്ക് ഒരു പ്രത്യേക കഴിവാണ്. മനസിൽ നന്മയുള്ളവർക്ക് മാത്രമേ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അത്തരത്തിൽ സ്‌നേഹിക്കാൻ സാധിക്കൂ. ഇപ്പോഴിതാ, എല്ലാവർക്കും നന്മയുടെ സന്ദേശം നൽകുന്ന ഒരു കുട്ടിപ്പടയുടെ രക്ഷാപ്രവർത്തനമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അപകടത്തിൽപ്പെട്ടവർക്ക് സിപിആർ നൽകേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും എടുത്തുപറഞ്ഞുകൊണ്ടാണ് വീ‌‌ഡിയോ പങ്കുവച്ചിരിക്കുന്നത്.

‘ഞങ്ങളിന്ന് വളരെ അഭിമാനത്തോടെ എടുക്കുന്ന വീഡിയോയാണിത്. ഞങ്ങൾ സിപിആറിലൂടെ രണ്ട് ജീവൻ രക്ഷിച്ചു. ഞങ്ങൾ നാലുപേരും ഇവിടെ കളിച്ചുകൊണ്ടിരിക്കുവായിരുന്നു. രണ്ടുനില വീടിന്റെ മുകളിലത്തെ സൺഷെയിഡിൽ മൂന്ന് പൂച്ചക്കുട്ടികൾ ഉണ്ടായിരുന്നു. ഞങ്ങളോർത്തു അമ്മ പൂച്ച വന്നെടുത്തുകൊണ്ട് പോകുമെന്ന്. അങ്ങനെ കുറച്ചുനേരം വെയിറ്റ് ചെയ്‌തു. അപ്പോൾ രണ്ട് പൂച്ചക്കുഞ്ഞുങ്ങൾ സൺഷെയിഡിൽനിന്ന് താഴെ വീണു. ബ്ലഡെല്ലാം വന്ന് ചത്തപോലെ കിടക്കുവായിരുന്നു. അപ്പൊ ഞങ്ങളെടുത്ത് സിപിആർ കൊടുത്തു. സിപിആർ കൊടുത്തുകഴിഞ്ഞുപ്പോൾ പൂച്ചയ്‌ക്ക് ജീവൻ വന്നു’- കുട്ടികൾ പറയുന്നു.

ജീവൻ രക്ഷിക്കാൻ സിപിആർ എത്ര പ്രധാനപ്പെട്ടതാണെന്ന കാര്യം തങ്ങൾക്ക് ഇതിലൂടെ മനസിലായെന്നും കുട്ടികൾ പറയുന്നുണ്ട്. സൺ ഷെയിഡിലേക്ക് വീണ രണ്ടാമത്തെ പൂച്ചക്കുട്ടിയെ തങ്ങൾക്ക് ഒറ്റയ്‌ക്ക് രക്ഷപ്പെടുത്താൻ സാധിക്കാത്തതിനാൽ ഫയർഫോഴ്‌സിന്റെ സഹായംതേടിയെന്നും കുട്ടികൾ പറയുന്നുണ്ട്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി സൺഷെയിഡിലേക്ക് വീണ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും കുട്ടികൾ പങ്കുവച്ചിട്ടുണ്ട്.

ഇതാദ്യമായല്ല ഈ കുട്ടികൾ സിപിആർ നൽകി ഒരു ജീവൻ രക്ഷിക്കുന്നത്. മുൻപൊരിക്കൽ പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു അണ്ണാൻകുഞ്ഞിനെയും കുട്ടികൾ ഇത്തരത്തിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ആവശ്യത്തിന് പരിചരണം നൽകി പൂർണ ആരോഗ്യവാനാക്കിയ ശേഷം അണ്ണാൻ കുഞ്ഞിനെ കുട്ടികൾതന്നെ തുറന്നുവിടുകയായിരുന്നു. ഇക്കാര്യങ്ങളും കുട്ടികൾ ഓർമ്മിപ്പിക്കുന്നുണ്ട്.

മനുഷ്യജീവനാണെങ്കിലും എന്ത് ജീവനാണെങ്കിലും സിപിആർ വളരെ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞുകൊണ്ടാണ് കുട്ടികൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സിപിആർ നൽകാൻ അറിയുന്ന ഒരാൾ കൂടെയുണ്ടെങ്കിൽ ഉറപ്പായും ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും കുട്ടികൾ കൂട്ടിച്ചേർത്തു.


Source link

Back to top button