LIFESTYLE

അമിതാഭ് ബച്ചന്റെ വില്ലന്റെ വീട് : ടൈറ്റാനിക് മുതൽ സ്രാവിന്റെ പല്ലുവരെ: ഇത് വീടോ കപ്പൽ മ്യൂസിയമോ?


സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനോഹരമായ പ്രതിഫലിപ്പിക്കാൻ പറ്റിയ ഇടമാണ് വീട്. ഒരു വീട്ടിലെ അലങ്കാരങ്ങളും ഡിസൈനിങ്ങുമൊക്കെ കാണുമ്പോൾ തന്നെ അതിൽ വസിക്കുന്നവരുടെ താൽപര്യങ്ങൾ വായിച്ചെടുക്കാൻ കഴിയും. ഛണ്ഡീഗഡിലെ ‘ആങ്കറേജ് 42’ എന്ന വീട് അത്തരത്തിൽ ഒന്നാണ്. ഒരു ‘കപ്പൽ മ്യൂസിയം’ എന്ന് ഈ വീടിനെ വിശേഷിപ്പിക്കാം. അമിതാഭ് ബച്ചൻ ചലച്ചിത്രമായ മർദിൽ പ്രധാന വില്ലനായി എത്തിയ ഡാൻ ദനോവയുടെ വീടാണിത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പ്രിയം സരസ്വത് പങ്കുവച്ച ഹോം ടൂർ വിഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.പുറത്തുനിന്ന് നോക്കിയാൽ ഒരു സാധാരണ വീട്. എന്നാൽ വാതിൽ കടന്ന് അകത്തുകയറിയാൽ കരകൗശല വസ്തുക്കളുടെയും കലാസൃഷ്ടികളുടെയും എണ്ണമറ്റ ശേഖരം കാണാം. നാവികനായിരുന്ന ഡാനിന് കപ്പലുകളോടും കടലിനോടും കലയോടുമുള്ള പ്രിയം നിറച്ചുവച്ചാണ് വീട് ഒരുക്കിയിരിക്കുന്നത്.അകത്തേക്ക് കയറിയാൽ ആദ്യം ശ്രദ്ധ എത്തുന്നത് സെയിലേഴ്സ് ബാറിലേക്കാണ്. കപ്പലിൽ നിന്നുള്ള നൂറുകണക്കിന് ചെറുഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന ഇടമാണിത്. ചൂവരുകളിലും വലിയ ടേബിളിലുമല്ലാം ഇവ ഇടം പിടിച്ചിരിക്കുന്നു.ഡാൻ ക്യാപ്റ്റനായിരുന്ന കാലത്ത് കപ്പലുകളിൽ നിന്നും പകർത്തിയ ചിത്രങ്ങളും ചുവരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. യഥാർഥ മത്സ്യങ്ങളെ പ്രോസസ് ചെയ്ത് അലങ്കാരങ്ങളായി പ്രദർശിപ്പിച്ചിരിക്കുന്നു. ചില ചിത്രങ്ങൾ സ്രാവുകളുടെ താടി എല്ലുകൾ കൊണ്ടുള്ള ഫ്രയിം നൽകിയാണ് സൂക്ഷിച്ചിരിക്കുന്നത്.സ്വീകരണമുറിയുടെ ഒരു ഭാഗത്തായി പ്രത്യേകമായി പ്രദർശിപ്പിച്ചിരിക്കുന്ന ടൈറ്റാനിക് മോഡലാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്. പല നാടുകളിൽ നിന്ന് പലകാലങ്ങളിലായി വാങ്ങിയ നൂറുകണക്കിന് അലങ്കാരവസ്തുക്കളുടെ വലിയ ശേഖരമാണ് അദ്ദേഹത്തിനുള്ളത്. ഡാൻ സ്വയം നിർമിച്ചതും പലയിടങ്ങളിൽ നിന്നായി ശേഖരിച്ചതുമായ ശില്പങ്ങളുടെ നീണ്ടനിരയും വീട് അലങ്കരിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. മൂന്നുനിലകളിലായാണ് വീട്. ഡാൻ അഭിനയിച്ച ചിത്രങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ചുവരുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭാര്യ നന്ദിതയുടെ നൃത്ത വേദികളിൽ നിന്നുള്ള ചിത്രങ്ങളുടെ നീണ്ടനിരയും കാണാം.


Cinema ⏭️

Back to top button