LIFESTYLE

കാശ് ഇഷ്ടംപോലെ; പക്ഷേ കേരളത്തിൽ സന്തോഷം വറ്റിപ്പോയ വീടുകൾ പെരുകുന്നു; എന്താണ് സംഭവിക്കുന്നത്?


വീട് യഥാർഥത്തിൽ ഒരു വ്യക്തിയുടെ, ‘വ്യക്തിപരമായ’ വിഷയം മാത്രമല്ല; മറിച്ച് അതൊരു സാമൂഹിക വിഷയമാണ്, സാമൂഹികോൽപന്നവുമാണ്. വീടിനുവേണ്ടി ഉപയോഗിക്കുന്ന ടൺ കണക്കിന് പാറയും മണലും മണ്ണും സ്റ്റീലും സിമന്റും മരവും പെയിന്റും പണവും ഒക്കെ ഉണ്ടാവുന്നത്, ഞാൻ എന്ന വ്യക്തിയുടെ മികവു കൊണ്ടാണെന്ന ധാരണയാണ് നാം ആദ്യം തിരുത്തേണ്ടത്.പ്രകൃതി, ഖനനം, വിപണി, അധ്വാനം, തൊഴിൽ സ്ഥിരത, വാങ്ങൽ ശേഷി,സാമ്പത്തിക ശാസ്ത്ര നിയമങ്ങൾ, വായ്പ, പലിശ, ആരോഗ്യം അങ്ങനെ സങ്കീർണ്ണ ഘടകങ്ങളുടെ ആകത്തുകയാണ് വീട്. അങ്ങനെയാണ് വീട് സാമൂഹിക ഉൽപന്നമാകുന്നത്.വലിയൊരു കൂട്ടം മനുഷ്യരുടെ കൂട്ടായ അധ്വാനമാണ് എത്ര ചെറിയ വീടും. രാജ്യത്തെ എല്ലാവർക്കും വീടുണ്ടാവുക എന്നത് ഒരു ക്ഷേമരാഷ്ട്ര സങ്കൽപമാണ്. അതേസമയം വ്യക്തിക്ക്/ കുടുംബത്തിന് വീടുണ്ടാവുക എന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് പറഞ്ഞാൽ എത്ര പേർ ശരിയെന്ന് സമ്മതിക്കും?എന്നാൽ അതാണ് യാഥാർഥ്യം.’നിങ്ങൾ തന്നെ സ്വയം ആശുപത്രി പണിത് നിങ്ങൾ ചികിത്സിക്കൂ’ എന്ന് സ്റ്റേറ്റ് പറഞ്ഞാൽ ബഹുഭൂരിപക്ഷത്തിനും അസാധ്യമായിരിക്കും. വിദ്യാഭ്യാസം, ആരോഗ്യം, റോഡ്, വൈദ്യുതി, പാലം, തീവണ്ടി എന്നതുപോലെ തന്നെ വീടും പലർക്കും വ്യക്തിയെന്ന നിലയിൽ കെട്ടിയുയർത്താൻ ആവണമെന്നില്ല ഇനി. കാരണം വ്യക്തിയുടെ കുടുംബത്തിന്റെ മുഴുവൻ അധ്വാനവും സമ്പത്തും സമയവും സന്തോഷവും വീടിന് വേണ്ടിമാത്രം ചിലവഴിക്കപ്പെടുകയാണിന്ന്. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരുടെയും വലിയ അല്ലലില്ലാതെ ജീവിച്ചുപോകുന്ന ഇടത്തരക്കാരുടെയും കാര്യമാണ് ഇവിടെ പറയുന്നത്.വീട് നിർമിച്ച് കഴിയുന്നതോടുകൂടി അതിനകത്ത് സന്തോഷത്തോടെ താമസിക്കാനാവാതെ ശരാശരി മനുഷ്യന്റെ ആയുസ് അവസാനിക്കുകയും ചെയ്യുന്നു. വീട് നിർമ്മിക്കുന്നത് വ്യക്തിയുടെ ഉത്തരവാദിത്തമാവരുത് എന്നുതന്നെയാണ് പറഞ്ഞുവരുന്നത്.


Cinema ⏭️

Back to top button