NEWS
‘ബിജെപി അവഗണിച്ചു, കേരളം ജോലി തരണം’: കേരള കോൺഗ്രസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ബിഹാറുകാരന്റെ അപേക്ഷ

കോട്ടയം ∙ ‘എന്റെ സ്വന്തം ബിജെപി സർക്കാർ അവഗണിച്ചു. കേരള സർക്കാരിലോ മറ്റേതെങ്കിലും ഐടി സ്ഥാപനത്തിലോ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു. ഈ സന്ദേശം കോൺഗ്രസ് സർക്കാരിൽ എത്താൻ ആഗ്രഹിക്കുന്നു.’ ഇങ്ങനെ പോസ്റ്റർ തയാറാക്കി ബിഹാറുകാരനാണെന്നു പരിചയപ്പെടുത്തുന്ന മായങ്ക് കുമാർ കേരള കോൺഗ്രസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഇന്നലെയാണു കേരള കോൺഗ്രസിന്റെ വെബ്സൈറ്റിൽ കടന്നുകയറ്റമുണ്ടായത്. സൈറ്റിലെ മീഡിയ പേജിലാണ് ഈ സന്ദേശമടങ്ങുന്ന ഇമേജ് പോസ്റ്റ് ചെയ്തത്. സൈറ്റ് ഹാക്ക് ചെയ്തു വിവരങ്ങൾ ഒന്നും എടുക്കുന്നില്ലെന്നു പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. ഇതേ കാര്യങ്ങൾ വ്യക്തമാക്കി ഈ വ്യക്തി തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. കോൺഗ്രസിന്റെ കേരള ഘടകമെന്നു തെറ്റിദ്ധരിച്ചാകാം സൈറ്റിൽ കയറിയതെന്നാണു കേരള കോൺഗ്രസ് നേതൃത്വം പറയുന്നത്. സൈറ്റിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല. വെബ്സൈറ്റിലെ പോസ്റ്റ് മീഡിയ കോഓർഡിനേറ്റർ ബിനു ചെങ്ങളം നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്ന് നീക്കം ചെയ്തു.
Fashion ⏭️


