LIFESTYLE

മകൾക്ക് ബാം​ഗ്ലൂരിലൊരു മുറി വേണം: അപരിചിതനോട് അന്വേഷിച്ച് പിതാവ്! വൈറലായി അച്ഛന്റെ കരുതൽ


മക്കൾ വളർന്ന് വലിയ സ്വപ്നങ്ങളുമായി കൂടുവിട്ട് പറക്കാൻ തുടങ്ങുമ്പോൾ മാതാപിതാക്കളുടെ നെഞ്ചിൽ ഒരു ആധിയുണ്ടാകും. അവർ പോകുന്ന പുതിയ നഗരം സുരക്ഷിതമാണോ, അവർക്ക് കൃത്യമായി ഭക്ഷണം കിട്ടുമോ, താമസിക്കാൻ നല്ലൊരു ഇടം ലഭിക്കുമോ എന്നിങ്ങനെ നൂറായിരം ചോദ്യങ്ങളാണ് അവരുടെ മനസ്സിലൂടെ കടന്നുപോകുന്നത്. പുറമെ ശാന്തരായിരിക്കുമെങ്കിലും മക്കളുടെ സുരക്ഷയെക്കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്കകൾ ചെറുതല്ല. ഇത്തരത്തിൽ കൊൽക്കത്തയിൽ നിന്നുള്ള ഒരു പിതാവ് തന്റെ മകൾക്കായി ചെയ്ത ഒരു ചെറിയ കാര്യം ഇപ്പോൾ സമൂഹമാധ്യമത്തിൽ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരിക്കുകയാണ്. അപരിചിതയായ ഒരു പെൺകുട്ടിക്ക് അദ്ദേഹം അയച്ച ലളിതമായ ഒരു സന്ദേശമാണ് ഇന്റർനെറ്റിൽ വികാരനിർഭരമായ ചർച്ചയ്ക്ക് തുടക്കമിട്ടത്.ആ ഒരു ചെറിയ സന്ദേശം എക്സ് ഉപയോക്താവായ സിമൃതിയാണ് തന്റെ ഇൻസ്റ്റഗ്രാം ഇൻബോക്സിലേക്ക് വന്ന ആ അപ്രതീക്ഷിത സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചത്. കൊൽക്കത്ത സ്വദേശിയായ പ്രകാശ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു പിതാവാണ് സന്ദേശമയച്ചിരിക്കുന്നത്.‘ഹലോ, ഞാൻ കൊൽക്കത്തയിൽ നിന്നുള്ള പ്രകാശ്. ആദ്യമായി ബെംഗളൂരുവിലേക്ക് വരുന്ന എന്റെ മകൾക്ക് വാടകയ്ക്ക് ഒരു ഒറ്റമുറി തിരയുകയാണ്. നിങ്ങൾക്ക് സഹായിക്കാൻ സാധിക്കുമോ?’ മകൾക്ക് പുതിയൊരു നഗരത്തിൽ സുരക്ഷിതമായൊരു ഇടം കണ്ടെത്താൻ ഒരു അപരിചിതന്റെ സഹായം തേടാൻ പോലും ആ പിതാവ് മടിച്ചില്ല.‘നിങ്ങൾക്ക് ആവശ്യമുള്ളത്രയും പുരുഷാധിപത്യത്തെക്കുറിച്ച് സംസാരിക്കാം, അതിനെ തകർക്കാൻ ശ്രമിക്കാം. എന്നാൽ ഒരു പിതാവ് തന്റെ മകളെ പരിപാലിക്കുന്നത് ഇങ്ങനെയാണ്’, എക്സിൽ ഈ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് സിമൃതി കുറിച്ചു. ബെംഗളൂരു പോലുള്ള ഒരു വലിയ നഗരത്തിലേക്ക് ആദ്യമായി ചേക്കേറുന്ന മകൾക്ക് വേണ്ടി ഒരു അച്ഛൻ തന്റെ പരിമിതികൾക്കപ്പുറം പോയി ചെയ്യാൻ സാധ്യതയുള്ള എല്ലാ വഴികളും നോക്കുന്നതിന്റെ നേർച്ചിത്രമായിരുന്നു അത്.ഏറ്റെടുത്ത് സമൂഹമാധ്യമംപോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്കകമാണ് വൈറലായത്. കുട്ടികൾ ആദ്യമായി വീടുവിട്ട് മാറുമ്പോൾ മാതാപിതാക്കൾ അനുഭവിക്കുന്ന, പുറത്തുപറയാത്ത ആകുലതകളുടെ പ്രതീകമാണ് ഈ സന്ദേശമെന്ന് പലരും വിലയിരുത്തി. സ്വന്തം ഈഗോയോ മടിയോ നോക്കാതെ, അപരിചിതമായ നഗരത്തിൽ മകളുടെ സുരക്ഷയും സുഖസൗകര്യങ്ങളും മാത്രം മുൻനിർത്തി ഒരു പിതാവ് നടത്തുന്ന ഇത്തരം ശ്രമങ്ങൾ കാണുമ്പോൾ ബഹുമാനം തോന്നുന്നുവെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു.


Cinema ⏭️

Back to top button