കൂവപ്പൊടിയിൽ നിന്ന് കോഫി കപ്പുകൾ, ആറര ഏക്കറിൽ കൃഷി; ദേശീയ പുരസ്‌കാരനേട്ടത്തിൽ ഏക വനിതയായി അശ്വതി

അശ്വതി കൃഷിയിടത്തിൽ
കൊല്ലം: മണ്ണ് കിളച്ചെടുത്ത വെള്ള കൂവക്കിഴങ്ങിനൊപ്പം അശ്വതി കുട്ടയിലാക്കിയത് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ ദേശീയ അംഗീകാരവും. പുനലൂർ തൊളിക്കോട് തലയംകുളത്ത് മീര കൃഷ്ണയിൽ എം.അശ്വതിയാണ് അഖിലേന്ത്യാ തലത്തിലുള്ള പുരസ്കാരത്തിന് അർഹയായത്. തിരഞ്ഞെടുക്കപ്പെട്ട എട്ടുപേരിൽ ഏക വനിതയാണ് അശ്വതി.
ചങ്ങനാശേരിക്കാരിയായ അശ്വതി കോൺവെന്റ് സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കൃഷിയെ സ്നേഹിച്ചിരുന്നു. അദ്ധ്യാപകനായ അച്ഛന്റെ പിന്തുണ പ്രചോദനമായി. കൊവിഡ് കാലത്താണ് കൃഷിയിൽ കൂടുതൽ സജീവമായത്. മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം മനസിൽ തളിരിട്ടപ്പോഴാണ് കൂവക്കൃഷിയിലേയ്ക്ക് എത്തിപ്പെട്ടത്. മുൻ കൃഷി ഓഫീസർ സുദർശൻ പൂർണ പിന്തുണ നൽകിയതോടെ പച്ചപ്പ് പടർന്നു. തുടക്കത്തിൽ രണ്ടര ഏക്കറിലായിരുന്നു കൃഷി. വിജയങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ ഇന്നത് 6.50 ഏക്കറോളമായി.
തിരുവനന്തപുരം ശ്രീകാര്യത്തെ സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ അശ്വതി പുരസ്‌കാരം ഏറ്റുവാങ്ങി. കൃഷിയിൽ പൂർണ പിന്തുണയുമായി ഭർത്താവ് വി.സജി, മക്കളായ ബി.ടെക്ക് അഗ്രിക്കൾച്ചറൽ വിദ്യാർത്ഥി കൃഷ്ണ, പ്ലസ് വൺ വിദ്യാർത്ഥി മീര എന്നിവരും ഒപ്പമുണ്ട്.
വള്ളിനീട്ടി അഞ്ചിനം മധുരക്കിഴങ്ങ്
വെള്ള കൂവക്കൃഷിക്കൊപ്പം മധുരക്കിഴങ്ങിന്റെ അഞ്ച് വ്യത്യസ്ത ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. തൈ വില്പനയും ട്രെൻഡായി. വിഷരഹിത പച്ചക്കറി കൃഷിയും പടർന്നു. വിപണനത്തിന് കേരള സർക്കാരിന്റെ സഹായവും ലഭിക്കുന്നുണ്ട്. കൂവപ്പൊടി ‘വി വൺ ഓർഗാനിക് ‘ എന്ന ബ്രാൻഡിൽ സി.ടി.സി.ആറിന്റെ സഹായത്തോടെ അശ്വതി വിപണിയിലെത്തിച്ചു. കൂവപ്പൊടിയിൽ നിന്ന് യഥാർത്ഥ സ്റ്റാർച്ച് വേർതിരിച്ചശേഷം ഫൈബർ വേസ്റ്റ് ഉണക്കി സൂക്ഷിച്ചു. തുടർന്ന് സി.എസ്.ഐ.ആർ നിസ്റ്റുമായി ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ കോഫി കപ്പുകൾ നിർമ്മിക്കുന്നതിൽ വിജയിച്ചു. ഇവ വിപണിയിലെത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
English Summary
M. Aswathy from Kollam won a national award from the Central Tuber Crops Research Institute for her successful arrowroot farming. She expanded cultivation from 2.5 to 6.5 acres, produces value-added products under her own brand, and developed eco-friendly coffee cups from arrowroot fiber waste in collaboration with researchers.
RELATED TOPICS: FARMING AWARD, ARROWROOT FARMING KERALA, CTCRI NATIONAL AWARD, KOOVA KRISHI KERALA
News ⏭️


