LIFESTYLE

ആ രാത്രി അവിടെ കണ്ട കാഴ്ച ഞെട്ടിച്ചു: ഇങ്ങനെയും മനുഷ്യരുണ്ടോ! അതോടെ ജീവിതം ആകെ മാറിയെന്ന് യുവാവ്


പലർക്കും താമസിക്കുന്ന വീടിനെക്കുറിച്ച് ഒട്ടേറെ അതൃപ്തികൾ ഉണ്ടാകാം. അല്പംകൂടി സ്ഥലവിസ്തൃതിയോ പാർക്കിങ് സൗകര്യമോ ഒക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് പരാതിപ്പെടുന്നവരുമുണ്ട്. മറ്റുചിലർ മാറുന്ന ട്രെൻഡിനനുസരിച്ച് വീട് നവീകരിച്ചുകൊണ്ടിരിക്കും. എന്നാൽ എല്ലാവരുടെയും ജീവിതം ഇങ്ങനെയാണോ? സങ്കൽപ്പിക്കാൻ പോലുമാവാത്തത്ര പരിമിതമായ സാഹചര്യങ്ങളിൽ തൃപ്തിപ്പെട്ട് കഴിയുന്ന ലക്ഷക്കണക്കിന് പാവങ്ങളുടെ കൂടി രാജ്യമാണ് ഇന്ത്യ. അത്തരത്തിൽ മനുഷ്യർ തിങ്ങി വസിക്കുന്ന മുംബൈയിലെ ഒരു ചോളിൽ ഒറ്റ രാത്രി ചിലവിട്ട് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിമറിഞ്ഞ അനുഭവമാണ് ഒരു വ്യക്തി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഏതാനും മണിക്കൂറുകൾകൊണ്ട് ജീവിതത്തെക്കുറിച്ചുണ്ടായിരുന്ന എല്ലാ പരാതികളും ഇല്ലാതായി എന്ന് പറയുകയാണ് അദ്ദേഹം.മുംബൈയുടെ മറ്റൊരു മേഖലയിൽ താമസിക്കുന്ന വ്യക്തിയാണ് ഒരു ചോളിൽ വസിക്കുന്ന ബന്ധുവിൻ്റെ വീട്ടിൽ സന്ദർശനത്തിന് പോയത്. രാത്രി ഏറെ വൈകിയതിനാൽ അന്ന് അവിടെ തങ്ങാൻ ബന്ധുക്കൾ നിർബന്ധിച്ചു. എന്നാൽ അവരുടെ ജീവിതസാഹചര്യം എത്രത്തോളം ദുഷ്കരമാണെന്ന് പിന്നീടാണ് മനസ്സിലായത്. ഒറ്റമുറി മാത്രമുള്ള വീട്ടിൽ ആറു പേർ അന്തിയുറങ്ങുന്നു. സ്വകാര്യത എന്നത് ചിന്തിക്കാൻ പോലുമാവാത്ത അവസ്ഥ. നിന്നു തിരിയാൻ ഇടമില്ലാത്ത ആ മുറിയിൽ അദ്ദേഹം രാത്രി കഴിച്ചുകൂട്ടി. എന്നാൽ അതിലും മോശപ്പെട്ട അവസ്ഥയാണ് പിറ്റേന്ന് കാലത്ത് കാത്തിരുന്നത്.പ്രഭാതകൃത്യങ്ങൾക്ക് ടോയ്‌ലറ്റ് ഉപയോഗിക്കാനായി ചോളിലെ ഒറ്റ മുറി വീടുകളിൽ ഉള്ളവരെല്ലാം ഓരോ ബക്കറ്റ് വെള്ളവുമായി ക്യൂ നിൽക്കുന്ന കാഴ്ച. പത്തിലധികം ആളുകളാണ് ഒരേസമയം ടോയ്‌ലറ്റുകൾക്ക് മുന്നിൽ കാത്തുനിൽക്കുന്നത്. അത്രയും ക്ഷമയില്ലാത്തതുമൂലം അദ്ദേഹം അവിടെ നിന്നും മടങ്ങി. ആ ഒറ്റ രാത്രിയിലെ അനുഭവത്തിന്‍റെ വെളിച്ചത്തിൽ ഇനി താൻ ജീവിതത്തിൽ ഒരിക്കലും പരാതിപ്പെടില്ലെന്നും യുവാവ് പറഞ്ഞുവയ്ക്കുന്നു. ഇത്രയും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും അവിടുത്തെ ജനങ്ങൾ അങ്ങേയറ്റം സന്തോഷത്തോടെയാണ് കഴിയുന്നത് എന്നത് തന്നെ അമ്പരപ്പിച്ചുവെന്നും പോസ്റ്റിൽ അദ്ദേഹം പറയുന്നുണ്ട്. ചോളിലെ വീടുകളിൽ കഴിയുന്ന എല്ലാവരും ഒരു കുടുംബം എന്ന നിലയിലാണ് പരസ്പരം കാണുന്നതും സഹായിക്കുന്നതും. എന്നാൽ ആഡംബര സൗകര്യങ്ങളുള്ള ഫ്ലാറ്റുകളിൽ താമസിക്കുന്ന പലർക്കും തൊട്ടടുത്ത വീട്ടിലുള്ളവർ ആരാണെന്ന് പോലും അറിയാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. പോസ്റ്റ് വൈറലായതോടെ മുൻപ് ചോളുകളിൽ താമസിച്ചിരുന്ന പലരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ‘ഒരിക്കൽ ചോളിൽ കഴിഞ്ഞ ആരും ഇനി ഒരിക്കലും അവിടേക്ക് മടങ്ങരുത് എന്ന് മാത്രമേ ആഗ്രഹിക്കു’ എന്നാണ് ഭൂരിഭാഗമാളുകളും പറയുന്നത്. എത്രയൊക്കെ സന്തോഷമുണ്ടെന്ന് വാദിച്ചാലും നിവൃത്തികേട് കൊണ്ട് മാത്രമാണ് ആളുകൾ ഇവിടങ്ങളിൽ തങ്ങുന്നതെന്നും കമന്റുകളുണ്ട്.


Cinema ⏭️

Back to top button