NEWS

‘കൈക്കൂലി തന്നില്ലെങ്കിൽ ഡിവൈഎഫ്ഐക്കാരെ കൊണ്ട് കൊടികുത്തിക്കും’: 10 ലക്ഷം ആവശ്യപ്പെട്ട് കൗൺസിലർ, വിഡിയോ പകർത്തി പരാതിക്കാരൻ


തിരുവനന്തപുരം∙ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൈക്കൂലി ചോദിക്കുന്നത് ഒളിക്യാമറയില്‍ പകര്‍ത്തി പരാതിക്കാരന്‍. തിരുവനന്തപുരം കോർപറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡിലെ സിപിഎം കൗണ്‍സിലറായ അജിന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. പേയാട് സ്വദേശി സഞ്ജുവിന്റെ 19 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് ഇയാള്‍ കൈക്കൂലി ചോദിച്ചത്. തൃക്കണ്ണാപുരം വാര്‍ഡിലെ എംഎല്‍എ റോഡിനോട് ചേര്‍ന്ന് സഞ്ജു 19 സെന്റ് വാങ്ങിയിരുന്നു. ഇവിടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് കൗണ്‍സിലര്‍ അജിന്‍ ഇടപെട്ടതെന്നു പരാതിക്കാരന്‍ പറയുന്നു. 10 ലക്ഷം രൂപ കൈക്കൂലി നല്‍കിയാല്‍ സ്ഥലത്തിനു സമീപത്തുള്ള പുറമ്പോക്ക് ഭൂമി കൂടി റജിസ്റ്റര്‍ ചെയ്തു നല്‍കാമെന്ന് അജിന്‍ പറഞ്ഞതായി പരാതിക്കാരനായ സഞ്ജു പറഞ്ഞു. പണം നല്‍കാനാവില്ലെന്നു മറുപടി നല്‍കി. പണം നല്‍കിയില്ലെങ്കില്‍ ഡിവൈഎഫ്ഐക്കാരെ കൊണ്ട് വസ്തുവില്‍ കൊടികുത്തിക്കും എന്നായിരുന്നു ഭീഷണി. തര്‍ക്കിക്കാന്‍ നിന്നാല്‍ പ്രശ്നം രൂക്ഷമാകുമെന്നും റോഡിന്റെ രേഖകളിലെ പുറമ്പോക്ക് ഭൂമിയിലൂടെയുള്ള തോടും ഓടയും ചൂണ്ടിക്കാട്ടി നിര്‍മാണ പ്രവൃത്തികള്‍ തടയുമെന്നു കൗണ്‍സിലര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയതായും സഞ്ജു വ്യക്തമാക്കുന്നു. അതിനു ശേഷം പ്രാദേശിക നേതാക്കള്‍ എത്തി അജിനെ പിണക്കുന്നത് ദോഷം ചെയ്യുമെന്നും അഞ്ചു ലക്ഷം രൂപ നല്‍കി പ്രശ്‌നം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് രാത്രി വരാന്‍ പറഞ്ഞതു പ്രകാരം അജിനെ കാണാനെത്തി. 


Fashion ⏭️

Back to top button