NEWS

തെളിവായി ആത്മഹത്യക്കുറിപ്പും ഫോണും; വിഴിഞ്ഞത്ത് യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ


തിരുവനന്തപുരം∙ വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്‌നേശ്വരി (27)യെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഭിലാഷ് മദ്യപിച്ചെത്തി നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും ഇതിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്നും എഴുതിയ വിഘനേശ്വരിയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തിയാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്. വിഘ്‌നേശ്വരിയുടെ ഫോണിലും ശാരീരികപീഡനത്തിന്റെ തെളിവുകൾ ഉണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. രണ്ടു ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം.നാഗർകോവിൽ സ്വദേശികളായ നാഗരാജൻ- കല ദമ്പതികളുടെ മകളായ വിഘ്‌നേശ്വരിയെ ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. അഭിലാഷിന്റെ പിതാവ് ചന്ദ്രൻ സന്ധ്യക്കു വീട്ടിലെത്തിയപ്പോൾ വീട് പൂട്ടി നിലയിലായിരുന്നു. വിഘ്‌നേശ്വരി ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.


Source link

Back to top button