കേരളത്തിലെ 10.6 ലക്ഷം കോടി രൂപയുടെ ബാങ്ക് നിക്ഷേപം: 2047-ഓടെ ഇന്ത്യയുടെ വികസന ലക്ഷ്യത്തിന് 10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ

2047-ഓടെ രാജ്യം ‘വികസിത് ഭാരത്’ എന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ വരുംകാല് നൂറ്റാണ്ടുകാലം ഇന്ത്യയുടെ വാർഷിക വളർച്ചാനിരക്ക് 9 മുതല്‍ 10 ശതമാനം വരെയായി നിലനിർത്തേണ്ടതുണ്ടെന്ന് നബാര്‍ഡ് ചെയര്മാന് ഡോ. ഷാജി കൃഷ്ണന് അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ നടന്ന സി.ഐ.ഐ (CII) കേരള ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയായും വായ്പകൾ 7.74 ലക്ഷം കോടിയായും ഉയർന്ന സാഹചര്യത്തിൽ, സംരംഭകത്വ വികസനത്തിന് ആവശ്യമായ മികച്ച പണലഭ്യത (Liquidity) കേരളത്തിനുണ്ടെന്ന് ഉച്ചകോടി വിലയിരുത്തി.
വികസിത് ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ രാജ്യത്തിന്റെ ആഭ്യന്തര നിക്ഷേപ അനുപാതം ഉയർത്തേണ്ടതുണ്ടെന്നും, ഏകദേശം 45 ലക്ഷം കോടി രൂപ വരുന്ന അസംഘടിത പണമിടപാടുകളെ മുഖ്യധാര സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുടെയും ജപ്പാന്റെയും ദ്രുതഗതിയിലുള്ള വികസനത്തിന് ആധാരമായത് അവരിലുണ്ടായിരുന്ന ഉയർന്ന നിക്ഷേപ നിരക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘നവീകരണവും സാമ്പത്തിക സുസ്ഥിതിയും (Resilience) ഒരേസമയം കൈവരിക്കേണ്ടവയാണ്. സുസ്ഥിതിയില്ലാത്ത നവീകരണം സ്ഥാപനങ്ങളെ ദുര്‍ബലമാക്കും, അതേസമയം നവീകരണമില്ലാത്ത സുസ്ഥിതി സ്ഥാപനങ്ങളെ കാലഹരണപ്പെട്ടതാക്കി മാറ്റും,’ അദ്ദേഹം പറഞ്ഞു. ജന്‍ധന്‍ യോജനയിലൂടെ ബാങ്കിംഗ് സേവനങ്ങൾ സാർവത്രികമാക്കാൻ സാധിച്ചുവെങ്കിലും, ഈ സാങ്കേതിക പ്രാപ്തിയെ ഉല്‍പ്പാദനക്ഷമമായ സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുകയാണ് അടുത്ത ലക്ഷ്യം. ഈട് അധിഷ്ഠിത വായ്പാ രീതികൾക്ക് പകരം ക്യാഷ്-ഫ്ലോ, വാല്യൂ-ചെയിന്‍ അധിഷ്ഠിത സമീപനങ്ങളിലേക്ക് ബാങ്കുകൾ മാറണമെന്നും, കാലാവസ്ഥാ വ്യതിയാനത്തെ ഒരു പ്രധാന ക്രെഡിറ്റ് റിസ്കായി പരിഗണിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
വന്‍കിട നിർമ്മാണ രംഗത്ത് പിന്നിലാണെങ്കിലും, ഉയർന്ന മൂല്യമുള്ള വിജ്ഞാന അധിഷ്ഠിത സംരംഭങ്ങൾ, ടൂറിസം, സുഗന്ധവ്യഞ്ജന മേഖല, ആരോഗ്യസംരക്ഷണം, കുടുംബശ്രീ ശൃംഖലകൾ എന്നിവയിലൂടെ വളർച്ച കൈവരിക്കാനുള്ള വലിയ സാധ്യത കേരളത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ഐ.ഐ സതേണ്‍ റീജിയന് മുൻ ചെയർമാനും ഗ്രൂപ്പ് മീരാൻ ചെയർമാനുമായ നവാസ് മീരാൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ ബാങ്കിംഗ് മേഖലയുടെ കരുത്ത് വ്യക്തമാക്കുന്ന കണക്കുകൾ അദ്ദേഹം നിരത്തി. നിലവിൽ 10.6 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 7.74 ലക്ഷം കോടി രൂപയുടെ വായ്പകളുമുള്ള കേരളത്തിന്റെ ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം 72.88% എന്ന മികച്ച നിലയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവാസി നിക്ഷേപം 3.24 ലക്ഷം കോടി രൂപയും എം.എസ്.എം.ഇ വായ്പകൾ 1.05 ലക്ഷം കോടി രൂപയും കടന്ന സാഹചര്യത്തിൽ, പുതിയ സംരംഭങ്ങൾക്ക് കേരളം മികച്ച പണലഭ്യതയാണ് ഉറപ്പുനൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകളും ഫിൻടെക്കുകളും തമ്മിലുള്ള മത്സരം എന്ന പഴയ രീതി മാറി, ഡിജിറ്റൽ കറൻസി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളുടെ സഹകരണത്തോടെയുള്ള പ്രവർത്തനമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധനകാര്യ മേഖല ചരിത്രപരമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് സി.ഐ.ഐ ബാങ്കിംഗ് & എന്‍.ബി.എഫ്.സി പാനല്‍ കണ്‍വീനര്‍ ശാലിനി വാരിയര്‍ പറഞ്ഞു. ഉദ്ദേശ്യശുദ്ധിയുള്ള നവീകരണവും, സ്ഥാപനപരമായ സുസ്ഥിതിയും, ബാങ്കുകളും ഫിൻടെക്കുകളും തമ്മിലുള്ള പങ്കാളിത്തവുമാണ് വരുംകാലത്ത് മേഖലയെ നയിക്കുക. എം.എസ്.എം.ഇ, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കൊപ്പം ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ സ്ഥാപിക്കുന്നതിലൂടെ കേരളത്തെ ആഗോള സാമ്പത്തിക ഭൂപടത്തിൽ പ്രധാന സ്ഥാനത്തെത്തിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.
സി.ഐ.ഐ കേരള വൈസ് ചെയർമാൻ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ഉയർന്ന സാമ്പത്തിക സാക്ഷരതയും സേവിംഗ്സ് ശീലവും ഡിജിറ്റൽ ബാങ്കിംഗിനും ഗ്രീൻ-ടെക് നിക്ഷേപങ്ങൾക്കും കേരളത്തിൽ അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫെഡറൽ ബാങ്ക് എം.ഡി & സി.ഇ.ഒ കെ.വി.എസ് മണിയൻ, സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡി & സി.ഇ.ഒ മഹേഷ് മുരളിധർ പൈ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എം.ഡി ജോൺസ് ജോർജ്ജ്, ധനലക്ഷ്മി ബാങ്ക് എം.ഡി & സി.ഇ.ഒ അജിത് കുമാർ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം.ഡി & സി.ഇ.ഒ ഡോ. പോൾ തോമസ്, സുസന്ന മുത്തൂറ്റ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. ഫെഡറൽ ബാങ്ക്, എ.യു സ്മോൾ ഫിനാൻസ് ബാങ്ക്, കെ.പി.എം.ജി, സൗത്ത് ഇന്ത്യൻ ബാങ്ക്, മുത്തൂറ്റ് ഫിൻ കോർപ്പ്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, കെ.എൽ.എം അക്സിവ ഫിൻവെസ്റ്റ്, ഐ.സി.എ.ഐ, ഐ.സി.എം.എ.ഐ എന്നിവയുടെ സഹകരണത്തോടെയാണ് ഉച്ചകോടി നടന്നത്.




