കുഞ്ഞിന്റെ കൈയിലെ അണുബാധ: അന്തിമ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: റീജനൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി) ചികിത്സയിൽ കഴിയുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ കൈയ്യിൽ അണുബാധയുണ്ടായ സംഭവത്തിൽ പതോളജി വിഭാഗത്തിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. മെഡിക്കൽ സൂപ്രണ്ട്, ഓങ്കോളജി വിഭാഗം മേധാവി, സർജൻ എന്നിവരടങ്ങുന്ന സമിതിയാണ് വിഷയത്തിൽ അന്വേഷണം നടത്തുന്നത്. റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികളിലേക്ക് കടക്കുമെന്ന് ആർ.സി.സി ഡയറക്ടർ ഡോ. രജനീഷ് വ്യക്തമാക്കി. കൊല്ലം സ്വദേശികളായ വിഷ്ണുവിന്റെയും വീണയുടെയും മകൻ വിധാൻ നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നത്.
വൈദ്യപരിശോധനയിൽ കുഞ്ഞിന്റെ ഇടതു കൈയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അണുബാധയെത്തുടർന്ന് രക്തയോട്ടം തടസ്സപ്പെടുകയും കോശങ്ങൾ നശിച്ചുവെന്നും കഴിഞ്ഞ ദിവസം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറിലാണ് കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഈ മാസം 24-ന് കീമോതെറാപ്പി നൽകുന്നതിനായി ആർ.സി.സിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, 19-ാം തീയതി ഇടതു കൈയ്യിൽ കാനുല ഇട്ടതിന് ശേഷം മർദ്ദം ഏൽക്കുകയും കൈ നീല നിറമായി വീർക്കുകയും ചെയ്തതായി രക്ഷിതാക്കൾ പറയുന്നു. വിവരം അപ്പോൾ തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആവശ്യമായ ചികിത്സ നൽകാൻ തയ്യാറായില്ലെന്നാണ് മാതാപിതാക്കളുടെ പരാതി.




