വീട്ടിലെ സ്വർണം വിൽക്കാൻ അനുകൂല സമയം: വിലയിലെ കുറവ് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും നേട്ടം

ഇന്ത്യൻ വീടുകളിൽ ഏകദേശം 30,000 ടണ്ണിലധികം സ്വർണം നിഷ്ക്രിയമായി കിടപ്പുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ വീട്ടിൽ സൂക്ഷിക്കുന്നതുകൊണ്ട് ഉടമകൾക്കോ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കോ യാതൊരുവിധ നേട്ടവുമില്ല. ഈ കരുതൽ ശേഖരത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും വിപണിയിലേക്ക് കൊണ്ടുവരാൻ സാധിച്ചാൽ അത് വലിയ സാമ്പത്തിക നേട്ടങ്ങൾക്ക് വഴിയൊരുക്കും.
രാജ്യം പ്രതിവർഷം 700 മുതൽ 800 ടൺ വരെ സ്വർണം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിനായി വൻതുക വിദേശനാണ്യമായി ചെലവാക്കേണ്ടി വരുന്നു. ഇത്രയധികം വിദേശനാണ്യം പുറത്തേക്ക് ഒഴുകുന്നത് നമ്മുടെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. വ്യാപാരക്കമ്മി വർധിക്കുന്നതിനും കറന്റ് അക്കൗണ്ട് കമ്മിക്കും ഇത് കാരണമാകുന്നു. മാത്രമല്ല, പണപ്പെരുപ്പം കൂടുന്നതും രൂപയുടെ മൂല്യത്തകർച്ചയും ജിഡിപി വളർച്ചയെ മന്ദഗതിയിലാക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ, വീടുകളിൽ അനാവശ്യമായി കിടക്കുന്ന സ്വർണം വിപണിയിലേക്ക് എത്തിക്കാൻ സാധിച്ചാൽ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ നമുക്ക് കഴിയും.
ഉപഭോക്താക്കൾക്ക് പഴയ സ്വർണം വിറ്റ് പണമാക്കാനോ അല്ലെങ്കിൽ അത് എക്സ്ചേഞ്ച് ചെയ്ത് പുതിയ ട്രെൻഡി ഡിസൈനിലുള്ള ആഭരണങ്ങൾ സ്വന്തമാക്കാനോ സാധിക്കും. ജ്വല്ലറികൾ ഈ സ്വർണം ശേഖരിച്ച് അത് ശുദ്ധീകരിച്ച് പുതിയ രൂപത്തിൽ വിപണിയിൽ ലഭ്യമാക്കുന്നു. ഇത് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സുരക്ഷിതമായി നിലനിർത്താനും സഹായിക്കുന്നു. സ്വർണവിലയിലെ വർധനയുടെ ആഘാതം നേരിടാതെ തന്നെ, എക്സ്ചേഞ്ച് സൗകര്യം ഉപയോഗപ്പെടുത്തി പുതിയ സ്വർണം സ്വന്തമാക്കി നിക്ഷേപം പുതുക്കാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്.
ഉത്സവകാലം: വിലക്കുറവ് നൽകുന്ന ആശ്വാസം
2026 ജനുവരി 29-ന് കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു; അന്ന് ഒരു പവന് 1,31,160 രൂപയും ഗ്രാമിന് 16,395 രൂപയുമായിരുന്നു വില. എന്നാൽ ഇന്നത്തെ നിരക്ക് പരിശോധിച്ചാൽ ഗ്രാമിന് 12,800 രൂപയും പവന് 1,02,400 രൂപയുമാണ്. അതായത്, റെക്കോർഡ് വിലയിൽ നിന്ന് ഗ്രാമിന് 3595 രൂപയും പവന് 28,760 രൂപയും ഇതിനോടകം കുറഞ്ഞിട്ടുണ്ട്. റെക്കോർഡ് വിലയിൽ സ്വർണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഒന്നര ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവായിരുന്ന സ്ഥാനത്ത്, ഇന്ന് ഏകദേശം 1.15 ലക്ഷം രൂപ മതിയാകും.
സ്വർണവില താരതമ്യേന കുറഞ്ഞ നിരക്കിൽ തുടരുന്നത് ദീപാവലി വിപണിയിൽ വലിയ ഉണർവ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ പറഞ്ഞു. കേരളത്തിലും ദീപാവലി-ധൻതേരസ് പ്രമാണിച്ച് ആഭരണങ്ങൾ വാങ്ങുന്നവരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ചെറിയ ജ്വല്ലറികൾ മുതൽ വലിയ ഷോറൂമുകൾ വരെ മികച്ച വിൽപനയാണ് നടക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 20-ന് ഗ്രാമിന് 11,980 രൂപയും പവന് 95,840 രൂപയുമായിരുന്നു വില. നവംബർ 3-ഓടെ ഇത് ഗ്രാമിന് 11,290 രൂപയും പവന് 90,320 രൂപയുമായി കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പവന് 12,080 രൂപയുടെ വർധനയുണ്ടെങ്കിലും അത് ഉപഭോക്താക്കളുടെ തീരുമാനങ്ങളെ കാര്യമായി ബാധിക്കാനിടയില്ല. സമീപകാലത്തെ ഉയർന്ന നിരക്കിൽ നിന്ന് വില വലിയ രീതിയിൽ കുറഞ്ഞിരിക്കുന്നതിനാൽ വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി ആഭരണങ്ങൾ വാങ്ങിക്കൂട്ടാൻ ആളുകൾ താല്പര്യം കാണിക്കുമെന്ന് ഉറപ്പാണ്. ഇത്തവണത്തെ ധൻതേരസ് വിപണി കേരളത്തിൽ വളരെ നിർണായകമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.




