പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്ര: പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി ഗതാഗത മന്ത്രിയുടെ ഓഫീസ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് അനുവദിച്ചിട്ടുള്ള സൗജന്യ യാത്ര വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായി ചുരുക്കുന്നുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഓഫീസ് നിയമനടപടികളിലേക്ക്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.പി. സാജു സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖറിന് ഇതുസംബന്ധിച്ച് ഔദ്യോഗികമായി പരാതി നൽകി.
പ്രിയദർശിനി പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവരിൽ നിന്ന് സർക്കാർ ജീവനക്കാരെ പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചുവെന്ന തരത്തിലുള്ള വ്യാജ പോസ്റ്ററുകൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനായി പ്രത്യേക ‘പ്രിയദർശിനി കാർഡ്’ ഏർപ്പെടുത്തുമെന്നും പോസ്റ്ററിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ദുഷ്പ്രചാരണങ്ങൾ നടത്തിയവരുടെ അക്കൗണ്ട് വിവരങ്ങൾ സഹിതമാണ് പോലീസിന് പരാതി കൈമാറിയിരിക്കുന്നത്.
ചില അക്കൗണ്ടുകൾ ഉപയോഗിച്ച് ഇത്തരം വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും തുടർന്ന് അഭിപ്രായ സർവേകൾ നടത്തി ഗവൺമെന്റിനും മുഖ്യമന്ത്രിയ്ക്കുമെതിരെയും ഗതാഗത മന്ത്രിക്കെതിരെയും അശ്ലീല പരാമർശങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. ഇത്തരക്കാർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 353, 356, 336 എന്നീ വകുപ്പുകൾ പ്രകാരം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ കർശനമായി ആവശ്യപ്പെടുന്നു.
അതേസമയം, ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെ പൂർണ്ണമായും തള്ളിക്കളയണമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിർദ്ദേശിച്ചു. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ വനിതകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും നിലവിലുള്ള സൗജന്യ യാത്ര ഒരു തടസ്സവുമില്ലാതെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
RELATED TOPICS: PRIYADARSHINI SCHEME, KSRTC FREE TRAVEL, FREE BUS TRAVEL FOR WOMEN, KERALA KSRTC, PRIYADARSHINI CARD



