NEWS
പാർക്കിലെ മരത്തിൽ പെരുമ്പാമ്പ്: ഓട്ടോ തൊഴിലാളികൾ പിടികൂടി

കണ്ണൂർ തളാപ്പിലെ എകെജി ആശുപത്രിക്ക് എതിർവശത്തുള്ള പാർക്കിൽ മരത്തിന് മുകളിൽ നിലയുറപ്പിച്ച കൂറ്റൻ പെരുമ്പാമ്പിനെ പഗ് മാർക്ക് പ്രവർത്തകരും അഗ്നിരക്ഷാസേനയും ചേർന്ന് പിടികൂടി. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. പാർക്കിന് സമീപം ജോലിയിലുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് മരക്കൊമ്പിൽ പാമ്പിനെ കണ്ടത്. ഉടൻ തന്നെ അവർ പഗ് മാർക്ക് പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ പഗ് മാർക്ക് പ്രവർത്തകരായ ബഷീർ വയനാട്, ശ്രീജിത്ത് ഹാർവെസ്റ്റ് എന്നിവർ അഗ്നിരക്ഷാസേനയുടെ പിന്തുണയോടെ മരത്തിൽ വലിഞ്ഞുകയറി സാഹസികമായി പാമ്പിനെ പിടികൂടി സുരക്ഷിതമായി താഴെയിറക്കി. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി.വി.ശ്രീകേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ കെ. മിഥുൻ കുമാർ, കെ.രാജേഷ്, നബീൽ, കെ.ലക്ഷ്മണൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.




