NEWS

ഇറാൻ ആക്രമണ ഭീഷണി: ബ്രിട്ടീഷ് താവളങ്ങളിൽ നിന്ന് യുഎസ് യുദ്ധവിമാനങ്ങളെ മാറ്റി

ലണ്ടൻ: ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്ന്, ബ്രിട്ടനിലെ സൈനിക താവളത്തിൽ നിന്നും അമേരിക്ക തങ്ങളുടെ വിമാനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിവരങ്ങൾ പുറത്തുവന്നു. കഴിഞ്ഞ തിങ്കളാഴ്ച മിൽഡൻ ഹാൾ വ്യോമതാവളത്തിൽ നിലയുറപ്പിച്ചിരുന്ന യുഎസ് വ്യോമസേനയുടെ വിമാനങ്ങളാണ് ജർമനിയിലേക്ക് മാറ്റിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത അയയുന്നുവെന്ന പ്രതീക്ഷകൾക്കിടയിലാണ് അപ്രതീക്ഷിതമായി ഇത്തരമൊരു നീക്കം നടന്നത്. എന്നാൽ, ഇതൊരു പതിവ് നടപടി മാത്രമാണെന്നും പലവിധ കാരണങ്ങളാലാണ് വിമാനങ്ങൾ പുനഃക്രമീകരിച്ചതെന്നും യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ വ്യക്തമാക്കുന്നു.

ഇതാദ്യമായല്ല സുരക്ഷാ ഭീഷണികൾ മുൻനിർത്തി ബ്രിട്ടനിലെ താവളങ്ങളിൽ നിന്നും അമേരിക്കൻ സൈനിക വിമാനങ്ങൾ മാറ്റുന്നത്. കഴിഞ്ഞ മാസം ഇറാനുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ഭാഗത്തുനിന്നും ആക്രമണ ഭീഷണി ഉയർന്ന സാഹചര്യത്തിൽ, റോയൽ എയർഫോഴ്സിന്റെ (ആർഎഎഫ്) ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന യുഎസിന്റെ ബി-1 ബോംബർ വിമാനങ്ങളും നേരത്തെ മാറ്റിയിരുന്നു. അന്ന് ബ്രിട്ടനിലെ വ്യോമകേന്ദ്രത്തിൽ നിന്നും ഈ വിമാനങ്ങളെ തിരികെ അമേരിക്കയിലെ തന്നെ താവളങ്ങളിലേക്കാണ് സുരക്ഷിതമായി എത്തിച്ചത്.

Fashion ⏭️

Back to top button