NEWS

പ്രധാനമന്ത്രി ഫോൺ ചോർത്താറില്ല; ആരാണ് ഇതിന് പിന്നിലെന്ന് സാം പിത്രോദ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ ചോർത്തുന്നുവെന്ന ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ, വിഷയത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് സാം പിത്രോദ രംഗത്തെത്തി. എൻഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കവെ, പ്രധാനമന്ത്രി ഇത്തരമൊരു നടപടിയിലേക്ക് കടക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

‘‘പ്രധാനമന്ത്രി അത്തരം കൃത്യങ്ങൾ ചെയ്യാൻ സാധ്യതയില്ല. ഒരു സ്ക്രൂഡ്രൈവറുമായി കമ്പ്യൂട്ടറിന് മുന്നിൽ ചെന്നിരുന്ന് അദ്ദേഹം ഇത് ചെയ്യുമെന്ന് തോന്നുന്നില്ല. എങ്കിലും, എന്റെ ഫോണും ലാപ്‌ടോപ്പും കർശന നിരീക്ഷണത്തിലാണെന്ന് വിശ്വസിക്കാൻ തക്കതായ കാരണങ്ങൾ എനിക്കുണ്ട്. എന്റെ ബാങ്ക് അക്കൗണ്ടുകളും ഇത്തരത്തിൽ പരിശോധിക്കപ്പെടുന്നുണ്ട്. സാങ്കേതിക വിദഗ്ധരുമായി ഞാൻ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. അവർ എന്റെ ഉപകരണങ്ങൾ വിശദമായി പരിശോധിച്ച ശേഷം, ഫോൺ ചോർത്തപ്പെടുന്നുണ്ടെന്ന മുന്നറിയിപ്പാണ് നൽകിയത്. ആരെങ്കിലും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്, അത് ആരാണെന്ന് എനിക്ക് കൃത്യമായ അറിവില്ല, അതിൽ എനിക്ക് വലിയ താല്പര്യവുമില്ല. ഇതെല്ലാം കണ്ട് ഞാൻ ശീലിച്ചു കഴിഞ്ഞു. എനിക്ക് ഇതിലൊന്നും വലിയ പരാതികളില്ല. സമൂഹത്തിൽ ഇത്തരത്തിലുള്ള മോശം പ്രവണതകളുള്ള ആളുകൾ ഉണ്ട്, അതിൽ എന്ത് ചെയ്യാൻ സാധിക്കും?’’ – സാം പിത്രോദ തന്റെ നിലപാട് വ്യക്തമാക്കി.

Fashion ⏭️

Back to top button