AUTO

ക്രേറ്റ ഇവിക്ക് വൻ ഓഫറുമായി ഹ്യുണ്ടേയ്; 60 ശതമാനം വരെ തുക ലഭിക്കുന്ന അഷ്വേര്‍ഡ് ബൈബാക്ക്


ഭാവിയില്‍ വില്‍ക്കേണ്ടി വന്നാല്‍ എന്തുകിട്ടുമെന്നത് വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവരുടെയെല്ലാം നെഞ്ചില്‍ തീ കോരിയിടുന്ന ചോദ്യമാണ്. ഇങ്ങനെയുള്ള ആശങ്ക പരിഹരിക്കാനുള്ള ശ്രമവുമായി എത്തിയിരിക്കുകയാണ് ഹ്യുണ്ടേയ്. ക്രേറ്റ ഇവിക്ക് മികച്ച ബൈബാക്ക് പദ്ധതി പ്രഖ്യാപിച്ചാണ് ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ വൈദ്യുത വാഹനത്തിന്റെ റീസെയില്‍ വാല്യുവിനെ ചൊല്ലിയുള്ള ആശങ്ക പരിഹരിക്കാന്‍ ശ്രമിക്കുന്നത്. ഹ്യുണ്ടേയ് പ്രഖ്യാപിച്ച അഷ്വേര്‍ഡ് ബൈബാക്ക് പദ്ധതി പ്രകാരം മൂന്നു വര്‍ഷത്തേക്കോ 45,000 കിലോമീറ്റര്‍ വരെയോ 60 ശതമാനം തുക തിരികെ ലഭിക്കും. ‘ഇന്ത്യയിലെ ഇവി വാഹന വിപണിയുടെ അടുത്ത ഘട്ട വളര്‍ച്ച സാങ്കേതികവിദ്യയിലെ മുന്നേറ്റത്തിനൊപ്പം ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെ കൂടി ആശ്രയിച്ചിരിക്കും. ഹ്യുണ്ടേയുടെ രാജ്യാന്തര ഇവി വിപണിയിലെ പരിചയ സമ്പത്തും ക്രേറ്റ എന്ന ജനപ്രിയ ബ്രാന്‍ഡിന്റെ വിശ്വാസ്യതയും ചേര്‍ന്നാണ് ക്രേറ്റ ഇവിയെ വിപണിയിലെത്തിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഗുണനിലവാരത്തിലും ഈടുനില്‍പ്പിലും മൂല്യത്തിലുമുള്ള ഞങ്ങളുടെ വിശ്വാസമാണ് 60 ശതമാനം ഉറപ്പുള്ള ബൈബാക്ക് ഓഫര്‍’ എന്നാണ് ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ എംഡിയും സിഇഒയുമായ തരുണ്‍ ഗാര്‍ഗ് പറഞ്ഞത്. വൈദ്യുത വാഹന മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹ്യുണ്ടേയ് നടപ്പാക്കുന്ന വലിയ പദ്ധതികളുടെ ഭാഗമാണ് അഷ്വേഡ് ബൈബാക്ക് പ്രോഗ്രാം. അടുത്തിടെ അവതരിപ്പിച്ച ബാറ്ററി ആസ് എ സര്‍വീസ്(BaaS) മാതൃക, കണക്റ്റഡ് ഡിജിറ്റല്‍ സേവനങ്ങള്‍, ചാര്‍ജിങ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പുതിയ ഇവി മോഡലുകള്‍ എന്നിവയെല്ലാം ഹ്യുണ്ടേയുടെ വിശാലമായ ഭാവി പദ്ധതിയുടെ ഭാഗമാണ്. ഇവികള്‍ കൂടുതല്‍ പേരിലേക്കെത്താനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സംതൃപ്തി നല്‍കാനും മികച്ച അനുഭവം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നാണ് ഹ്യുണ്ടേയ് അറിയിക്കുന്നത്.


Sports ⏭️

Back to top button