അർഷ്‌ദീപ് സിങ്ങിന്റെ വിവാഹനിശ്ചയം: പഴയ വിഡിയോകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി പങ്കാളി

ന്യൂഡൽഹി: ഇന്ത്യൻ പേസ് ബൗളർ അർഷ്ദീപ് സിങ്ങുമായുള്ള വിവാഹനിശ്ചയം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ, യൂട്യൂബർ ആശിഷ് ചഞ്ച്‌ലാനിയുമായി ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടി സമ്രീൻ കൗർ. വർഷങ്ങൾക്ക് മുൻപ് ആശിഷ് ചഞ്ച്‌ലാനിക്കൊപ്പം താൻ പങ്കെടുത്ത ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ചുള്ള അനാവശ്യ പ്രചാരണങ്ങൾക്കെതിരെയാണ് താരം രംഗത്തെത്തിയത്.
കഴിഞ്ഞ നാല് വർഷമായി ആശിഷ് ചഞ്ച്‌ലാനിയുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് സമ്രീൻ തുറന്നടിച്ചു. കാലഹരണപ്പെട്ട പഴയ ബന്ധങ്ങളുടെ പേരിൽ അനാവശ്യമായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും താരം അഭ്യർത്ഥിച്ചു. അർഷ്ദീപ് സിങ്ങുമായുള്ള വിവാഹനിശ്ചയത്തിന്റെ സന്തോഷകരമായ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ നടി മൗനം വെടിഞ്ഞത്.
ഈ മാസം 11-ാം തീയതിയാണ് അർഷ്ദീപുമായുള്ള തങ്ങളുടെ വിവാഹനിശ്ചയ വിശേഷം ഇരുവരും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. “ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പരസ്പരം തുണയാകാൻ ലഭിച്ചതിനേക്കാൾ വലിയൊരു സൗഭാഗ്യമില്ല. ഇനി ഒരുമിച്ചുള്ള ഒരു ജീവിതയാത്രയിലേക്ക്. 11.11.2026,” എന്ന വൈകാരികമായ അടിക്കുറിപ്പോടെയായിരുന്നു സമ്രീൻ തന്റെ സന്തോഷം അറിയിച്ചത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സമ്രീൻ തന്റെ നിലപാട് വ്യക്തമാക്കിയത്. കൂടാതെ, ചില പോഡ്‌കാസ്റ്റുകളിൽ തന്നെയെന്ന പേരിൽ നടക്കുന്ന ചർച്ചകളെക്കുറിച്ചും താരം മറുപടി നൽകി. അത്തരം ചർച്ചകളിൽ പരാമർശിക്കുന്ന വ്യക്തി താനല്ലെന്ന് ഉറപ്പിച്ചു പറഞ്ഞ സമ്രീൻ, മുൻപും ഇക്കാര്യം വ്യക്തമാക്കിയിട്ടും വീണ്ടും തന്റെ പേര് ഇതിലേക്ക് ഇഴചേർക്കുന്നതിൽ അതീവ ദുഃഖമുണ്ടെന്നും കൂട്ടിച്ചേർത്തു.




