NEWS

സീറ്റ് വിഭജനത്തിൽ തർക്കം: എസ്പിയും കോൺഗ്രസും നിലപാട് കടുപ്പിക്കുന്നു

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിടും മുൻപേ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും (എസ്പി) തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. കഴിഞ്ഞ തവണ വിജയിച്ച സീറ്റുകൾ ഒരുകാരണവശാലും വിട്ടുനൽകില്ലെന്ന കടുത്ത നിലപാടാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, സഖ്യത്തിൽ തങ്ങൾക്ക് അർഹമായ പ്രാധാന്യവും പരിഗണനയും ലഭിക്കണമെന്നും ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും കോൺഗ്രസ് നേതാക്കളും വ്യക്തമാക്കുന്നു.

സോണിയാ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിൽ വെച്ച് അഖിലേഷ് യാദവ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് സീറ്റ് വിഭജനത്തിനായി പ്രത്യേക സമിതികളെ നിയോഗിക്കാൻ ധാരണയായത്. സമിതികളുടെ പ്രാഥമിക ചർച്ചകൾ പൂർത്തിയായ ശേഷം രാഹുലും പ്രിയങ്കയും അഖിലേഷും നേരിട്ട് കൂടിക്കാഴ്ച നടത്തിയായിരിക്കും സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കെ.സി. വേണുഗോപാൽ, സംസ്ഥാന ചുമതലയുള്ള രാജേന്ദ്ര ഗൗതം, സംസ്ഥാന അധ്യക്ഷ ആരാധന മിശ്ര, ഇമ്രാൻ മസൂദ് എന്നിവരടങ്ങുന്ന സംഘമായിരിക്കും കോൺഗ്രസിനെ പ്രതിനിധീകരിക്കുന്നത്; പ്രിയങ്കാ ഗാന്ധിക്കാണ് ഈ ചർച്ചകളുടെ മേൽനോട്ടച്ചുമതല. എസ്പി ഭാഗത്തുനിന്ന് രാജീവ് റായിയും ധർമേന്ദ്ര യാദവും ചർച്ചകളിൽ പങ്കെടുത്തേക്കും. നവംബർ 23, 24 തീയതികളിലാണ് ഈ സമിതികൾ യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.

2022-ലെ തിരഞ്ഞെടുപ്പിൽ 399 സീറ്റുകളിൽ ജനവിധി തേടിയ കോൺഗ്രസിന് വെറും രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. എന്നാൽ, സമീപകാലത്ത് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 6 സീറ്റുകൾ (ഏകദേശം 30 നിയമസഭാ മണ്ഡലങ്ങൾക്ക് തുല്യമായ വോട്ടുകൾ) സ്വന്തമാക്കാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യം പാടെ മാറിയെന്നും, ഗാന്ധി കുടുംബത്തിന്റെ പിന്തുണയില്ലാതെ ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന് ജയം ഉറപ്പിക്കാനാവില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പക്ഷം.

Fashion ⏭️

Back to top button