ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് മോഷണം; റാന്നിയിൽ യുവതികൾ പിടിയിൽ, അടിവസ്ത്രത്തിൽ നിന്ന് 21,000 രൂപ കണ്ടെടുത്തു

പത്തനംതിട്ട ∙ ശബരിമല തീർഥാടനത്തിന്റെ മറവിൽ മോഷണം ലക്ഷ്യമിട്ടെത്തിയ തമിഴ്നാട് സ്വദേശികളായ രണ്ടു യുവതികളെ പൊലീസ് വലയിലാക്കി. കോയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി (ഭവാനി, അനു എന്നീ പേരുകളിലും അറിയപ്പെടുന്നു), തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത (ലക്ഷ്മി, പാർവതി എന്നീ പേരുകളിലും അറിയപ്പെടുന്നു) എന്നിവരാണ് പിടിയിലായവർ. മുൻപും വിവിധ മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇവരുടെ പക്കൽ നിന്ന്, അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപയും പൊലീസ് കണ്ടെടുത്തു.
ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു നാടകീയ സംഭവങ്ങൾ. കോഴഞ്ചേരിയിൽ നിന്ന് റാന്നിയിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യവേ, യുവതികൾ ബസിനുള്ളിൽ വച്ച് വസ്ത്രം മാറാൻ ശ്രമിച്ചത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ബസ് ജീവനക്കാർ ഉടൻ തന്നെ റാന്നി സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ പി.ടി. ഷിന്റോയെ വിവരമറിയിച്ചു. തുടർന്ന് റാന്നി ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന് വിവരം കൈമാറുകയും, അദ്ദേഹത്തിന്റെ കർശന നിർദേശപ്രകാരം റാന്നി പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് ബസ് തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.




