നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിഞ്ഞ് സൈനികൻ മരിച്ചു; മൂന്നുപേർക്ക് ഗുരുതരാവസ്ഥ

ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ സൈനിക വാഹനം പുഴയിലേക്ക് മറിഞ്ഞ് ആർമി ക്യാപ്റ്റന് ദാരുണാന്ത്യം. എട്ടാം ബിഹാർ റെജിമെന്റിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റ മറ്റ് മൂന്ന് സൈനികരുടെ നില ഗുരുതരമായി തുടരുകയാണ്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ലാംലായ് ചല്ലൗവ് മേഖലയിലായിരുന്നു അപകടം സംഭവിച്ചത്. സൈനികരുമായി സഞ്ചരിക്കുകയായിരുന്ന കവചിത വാഹനം നിയന്ത്രണം വിട്ട് ഇറ്റാം നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് വാഹനം കുറെയേറെ സമയം വെള്ളത്തിൽ മുങ്ങിക്കിടന്നു.
അപകടവിവരം അറിഞ്ഞയുടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 29 വയസ്സുകാരനായ ക്യാപ്റ്റൻ ഹനുമാൻ റാം മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.




