NEWS

രഞ്ജിത്ത് വധക്കേസ് പ്രതിക്ക് കഞ്ചാവ് കേസിലും 14 വർഷം കഠിനതടവ്

തിരുവനന്തപുരം∙ മണ്ണന്തല രഞ്ജിത്ത് കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരുന്ന പന്ത്രണ്ടാം പ്രതി സുരേഷിന്, കഞ്ചാവ് കടത്തിയ മറ്റൊരു കേസിൽ കൂടി 14 വർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. 203 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽകുമാർ ഇയാൾക്ക് 14 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഈ കേസുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് പഴയറോഡ് നവരംഗം ലെയ്ൻ അമ്പാടി നിലയത്തിൽ ജോമിറ്റ് (44), കഠിനംകുളം പഞ്ചായത്ത് നട കരിയിൽ വീട്ടിൽ വിപിൻരാജ് (36) എന്നിവർക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. 2021 സെപ്റ്റംബർ 22-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

രാവിലെ 7.10-ഓടെ രണ്ട് ഇന്നോവ കാറുകളിലായി വൻതോതിൽ കഞ്ചാവ് കടത്താൻ ശ്രമിക്കവേയാണ് എക്സൈസ് സംഘം പ്രതികളെ സാഹസികമായി പിടികൂടിയത്. ബാലരാമപുരം ഓറിയോൺ പ്ലാസയ്ക്ക് സമീപം വെച്ച്, പ്രതികൾ സഞ്ചരിച്ച കാറുകൾക്ക് കുറുകെ എക്സൈസ് വാഹനം നിർത്തിയിട്ട് തടഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ട് വാഹനങ്ങളിൽ നിന്നുമായി ആകെ 203 കിലോ കഞ്ചാവാണ് എക്സൈസ് സംഘം അന്ന് കണ്ടെടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എൽ. മനേഷ്, അഭിഭാഷക ജെ. പ്രവീണ എന്നിവർ ഹാജരായി.

Fashion ⏭️

Back to top button