17കാരന്റെ മരണം: ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെയും ക്ലിനിക്കിന്റെയും രജിസ്ട്രേഷൻ റദ്ദാക്കി; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

കണ്ണൂരിലെ പ്രിയ ഇഎൻടി ക്ലിനിക്കിൽ തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കിടെ പതിനേഴുകാരൻ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മനുഷ്യാവകാശ കമ്മീഷൻ. ചികിത്സയിൽ വലിയ വീഴ്ചകൾ സംഭവിച്ചുവെന്നും കൃത്യമായ ലൈസൻസില്ലാതെയാണ് ആശുപത്രിയും ഡോക്ടറും പ്രവർത്തിച്ചിരുന്നതെന്നും കമ്മീഷന്റെ അന്വേഷണത്തിൽ വ്യക്തമായി. നേരത്തെ തെളിവുകളില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ച കേസിൽ, ഡോക്ടർക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കാൻ പോലും ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ലെന്ന ഗുരുതരമായ ആരോപണവും കമ്മീഷൻ ഉന്നയിച്ചു. സംഭവത്തിൽ കർശനമായ തുടർനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
2024 ജൂലൈ മാസത്തിലാണ് കണ്ണൂർ സ്വദേശിയായ സൂര്യജിത്ത് ശസ്ത്രക്രിയയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയത്. പ്രിയ ഇഎൻടി ക്ലിനിക്കിൽ ഓപ്പറേഷന് ശേഷം രണ്ടാം നാൾ കുട്ടി രക്തം ഛർദിച്ച് ഗുരുതരാവസ്ഥയിലാകുകയായിരുന്നു. ഉടൻ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശസ്ത്രക്രിയയിലെ പിഴവും തുടർചികിത്സയിലെ അനാസ്ഥയുമാണ് മരണകാരണമെന്ന് ആരോപിച്ച് കുടുംബം പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
ആദ്യഘട്ടത്തിൽ ഡിഎംഒ നടത്തിയ പരിശോധനയിൽ ചികിത്സാ പിഴവ് നടന്നതായി കണ്ടെത്തിയിരുന്നെങ്കിലും, പിന്നീട് ഇതേ ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് ഡോക്ടർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട് നൽകി കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിച്ചതോടെയാണ് കുടുംബം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
കമ്മീഷൻ നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സൂര്യജിത്തിനെ ഓപ്പറേഷൻ ചെയ്ത ഡോ. സന്ദേശ് പ്രിയദർശന് കേരള മെഡിക്കൽ കൗൺസിലിന്റെ അംഗീകൃത രജിസ്ട്രേഷൻ ഇല്ലെന്ന് വിവരാവകാശ രേഖകൾ വഴി തെളിഞ്ഞു. ശസ്ത്രക്രിയ നടന്ന പ്രിയ ഇഎൻടി ക്ലിനിക്കിനും, കുട്ടിയെ പിന്നീട് പ്രവേശിപ്പിച്ച ഫാത്തിമ ഹോസ്പിറ്റലിനും അന്ന് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. കൂടാതെ, ഫാത്തിമ ഹോസ്പിറ്റലിൽ ചികിത്സാ രേഖകളിൽ തിരുത്തലുകൾ വരുത്തിയതായും മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തി.
RELATED TOPICS: KANNUR 17 YEAR OLD DEATH, SURAJITH SURGERY CASE, KANNUR MEDICAL NEGLIGENCE, PRIYA ENT CLINIC CONTROVERSY, KERALA MEDICAL NEGLIGENCE NEWS




