മഹാരാജാസ് കോളജ് മന്ത്രിയെ തടഞ്ഞ സംഭവം: 10 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജിൽ വെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ തടഞ്ഞുവെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ, പത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം ലഭിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്.
യൂണിയൻ ചെയർമാൻ വി. പ്രണീൽ രാജ്, വൈസ് ചെയർപഴ്സൻ നഫീസത്തുൽ മിസ്രിയ, വിദ്യാർഥികളായ ബിജോയ് പി.ബി, മുഹമ്മദ് അഫ്രീദ്, അധീന പി., ജോയൽ ബാബു, പൂർവ വിദ്യാർഥികളായ ആശിഷ് എസ്. ആനന്ദ്, നന്ദകുമാർ എച്ച്, അബ്ദുൽ നാസിർ പി.എ, ലോ കോളജ് വിദ്യാർഥിയായ നവീൻ കെ. എന്നിവരാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നത്.
കോളജിൽ സംഘടിപ്പിച്ച ബിരുദദാന ചടങ്ങിനിടെയാണ് വിവാദമായ സംഭവങ്ങൾ അരങ്ങേറിയത്. കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷൻ നടപടികളുമായി ബന്ധപ്പെട്ട് മന്ത്രിയോട് ചില ചോദ്യങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും, തികച്ചും സമാധാനപരമായ രീതിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഹർജിക്കാർ കോടതിയിൽ ബോധിപ്പിച്ചു. മന്ത്രി മടങ്ങിയതിന് ശേഷം യാതൊരുവിധ തടസങ്ങളും കൂടാതെ ബിരുദദാന ചടങ്ങ് പൂർത്തിയായതായും ഇവർ വ്യക്തമാക്കി.




