CINEMA

‘ഉന്മാദം’ ഭയവും ആകാംക്ഷയും സമ്മാനിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ


ഉന്മാ‌ദം പോസ്റ്റർ

കുഞ്ചാക്കോ ബോബൻ, ലിജോമോൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രമുഖ എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ഉന്മാദം. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തെ ആസ്പദമാക്കി സിനിമകളിലൂടെ ശ്രദ്ധേയനായ ഷഹി കബീറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു പൊലീസ് കോൺസ്റ്റബിൾ അമാനുഷിക സ്വാഭാവം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന, കാലങ്ങളായി തെളിയിക്കപ്പെടാത്ത ഒരു കേസ് പുനർ അന്വേഷണം നടത്തുന്നതാണ് ഇതിവൃത്തം.

സിനിമയിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം അല്പം അപകടം പിടിച്ചതാണെങ്കിലും, പ്രേക്ഷകനുമായി ഒരു വൈകാരിക ബന്ധം സ്ഥാപിച്ചുകൊണ്ട് വിശ്വസനീയമായ ലോകം സൃഷ്ടിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നിസംശയം പറയാം. കഥ പറഞ്ഞു തീർക്കാൻ തിടുക്കം കൂട്ടാതെ, പതിഞ്ഞതാളത്തിലാണ് സിനിമ മുന്നോട്ടുപോകുന്നത്. ആരംഭം മുതൽ തന്നെ കഥാപാത്രങ്ങളുടെ ലോകത്തേക്ക് പ്രേക്ഷകരെയും മെല്ലെ കൂട്ടിക്കൊണ്ടുപോകാൻ സംവിധായകൻ കിരൺ ദാസിന് സാധിച്ചു.

അതേസമയം,​ തന്റെ ഓരോസിനിമകൾ കഴിയുംതോറും വ്യത്യസ്തമായ വേഷ പകർച്ചകളോടെ പ്രേക്ഷകരുടെ കൈയടി നേടുകയാണ് നടൻ കുഞ്ചാക്കോബോബൻ. ‘നായാട്ട്’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്നീ ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും തിരക്കഥാകൃത്ത് ഷാഹി കബീറും വീണ്ടും ഒന്നിക്കുന്ന പൊലീസ് സ്റ്റോറിയെന്ന പ്രത്യേകതയും ഉന്മാദത്തിനുണ്ട്. സിനിമകാണ്ടിരിക്കുന്ന പ്രേക്ഷകന് ഉറപ്പായും പുതിയൊരു ദൃശ്യാനുഭവം നൽകാൻ ഉന്മാദത്തിന് കഴിയുകയും ചെയ്തു. മലയാളികൾ ഇതുവരെ കണ്ടുശീലിച്ച പതിവ് പൊലീസ് കഥകളിൽ നിന്ന് വ്യത്യസ്തമായ ആഖ്യാനമാണ് ഉന്മാദത്തിൽ കാണാൻ കഴിയുക. ഒരേസമയം വിവിധ ജോണറുകളിലൂടെയും ചിത്രം മുന്നോട്ടു പോകുന്നു.


ഉന്മാ‌ദം

പാലക്കാട് ജില്ലയിലുള്ള ഒരു പൊലീസ് സ്റ്റേഷനാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഷെല്ലി (കുഞ്ചാക്കോബോബൻ) എന്ന നായകന്റെ പശ്ചാത്തലവും വ്യക്തിജീവിതവും പറഞ്ഞുകൊണ്ട്, സാധാരണ ഒരു കുടുംബചിത്രമെന്നോണം സിനിമ തുടങ്ങുന്നു. എന്നാൽ പതുക്കെ കഥ മിസ്റ്ററിയിലേക്കും പ്രേക്ഷകരെ പേടിപ്പെടുത്തുന്ന പല ഘടകങ്ങളിലേക്കും സിനിമ വഴിമാറുന്നുണ്ട്.

ഇൻവെസ്റ്റിഗേഷന്റെയും സൈക്കോളജിക്കൽ ത്രില്ലറിന്റെയും സ്വഭാവം കൈവരിക്കുന്നതോടെ പ്രേക്ഷകരെ മറ്റൊരു തലത്തിലേക്കും ചിത്രം എത്തിക്കുന്നു. കേസന്വേഷണം പുരോഗമിക്കുന്ന ഒരു ഘട്ടത്തിൽ സത്യത്തിനും മിഥ്യയ്ക്കും ഇടയിലുള്ള നൂൽപ്പാലത്തിലാണ് ഷെല്ലി സഞ്ചരിക്കുന്നത്. ഇതിനുപുറമെ, താഴേക്കിടയിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ അനുഭവിക്കുന്ന ജോലിഭാരവും അവഹേളനങ്ങളും ബുദ്ധിമുട്ടുകളും സിനിമ യാഥാർത്ഥ്യബോധത്തോടെ തന്നെ ചർച്ചചെയ്യുന്നുണ്ട്.


ഉന്മാദം

‘നായാട്ടിലെ’യും ‘ഓഫീസർ ഓൺ ഡ്യൂട്ടി’യിലെയും പൊലീസ് കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തനാണ് ഉന്മാദത്തിലെ ഷെല്ലി. ആ പ്രേത ഫയൽ ഷെല്ലിയിലുണ്ടാക്കുന്ന ഭയവും സമ്മർദവും അത്രത്തോളം ആഴത്തിലാണ് കുഞ്ചാക്കോ ബോബൻ അഭിനയിച്ച് ഫലിപ്പിച്ചത്. ഷെല്ലിയുടെ ഭാര്യയായ സൗമ്യയെ നടി ലിജോ മോളും അവിസ്മരണീയമാക്കി. സത്യത്തിനും സ്വപ്നത്തിനും ഇടയിലൂടെ സഞ്ചരിക്കുന്ന നായകനെ ചേർത്തുപിടിക്കുന്ന ഈ കഥാപാത്രത്തിലൂടെ തന്റെ പ്രതിഭ ഒരിക്കൽകൂടി ലിജോമോൾ തെളിയിക്കുകയാണ്.

സംവിധായകൻ കിരൺ ദാസും ജിതിൻ ജോണും ചേർന്നാണ് ചിത്രത്തിന്റെ എഡിംറ്റിംഗ്. പ്രേക്ഷകരെ ഉദ്വേഗം നിറച്ച് മുജീബ് മജീദാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അ‌ർജുൻ സേതുവിന്റെ ഛായാഗ്രഹണം ചിത്രിത്തിന് കൂടുതൽ ഒരു ഡാർക്ക് മൂഡും നൽകുന്നു.


പ്രമുഖ നിർമ്മാതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ലിജോമോൾക്കും ചാക്കോച്ചനും പുറമേ സിനിമയിലെ മറ്റുതാരങ്ങളും മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. സുധീഷ്, ഷാജു ശ്രീധർ, കൃഷ്ണ പ്രഭ, സിബി തോമസ്, സാബുമോൻ, അരുൺ ചെറുകാവിൽ, വിനീത് തട്ടിൽ, ഉണ്ണി ലാലു, നിതിൻ ജോർജ്, കിരൺ പീതാംബരൻ, ജോളി ചിറയത്ത്, തങ്കം മോഹൻ, ശ്രീകാന്ത് മുരളി, ഗംഗാ മീര തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.


Business ⏭️

Back to top button