ടോക്സിക്കിൽ ഹോട്ട് സീനുകൾ തിരുകിക്കയറ്റി, ഗീതുവിനെ ഒറ്റപ്പെടുത്തി മറ്റൊരാളെക്കൊണ്ട് വീണ്ടും ഷൂട്ടുചെയ്തു; ആരോപണവുമായി സംവിധായകൻ

ടോക്സിക് സിനിമയിലെ ഒരു രംഗം
പാൻ ഇന്ത്യൻ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക്ക് റിലീസ് ചെയ്തതിന് പിന്നാലെ വൻവിമർശനം ഏറ്റുവാങ്ങുകയാണ്. സംവിധായിക ഗീതു മോഹൻദാസിന് നേരെയാണ് വിമർശന ശരങ്ങൾ ഏറെയും നീളുന്നത്. എന്നാൽ ഗീതു മോഹൻദാസിനെ പൂർണമായി ഒറ്റപ്പെടുത്തി നിർമ്മാതാക്കളും വിതരണക്കാരും ചേർന്ന് ചിത്രം മറ്റൊരാളെക്കൊണ്ട് വീണ്ടും ചിത്രീകരിക്കുകയായിരുന്നു എന്ന് ആരോപിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്റഫിന്റെ ആരോപണം. തിയേറ്രറിലെത്തിയക് ഗീതു മോഹൻദാസ് ഒരുക്കിയ യഥാർത്ഥ സിനിമയല്ലെന്നും കളക്ഷൻ കൂട്ടാനായി ബിസിനസ് ഗ്രൂപ്പുകൾ നടത്തിയ അനാവശ്യ കൈകടത്തലുകളാണെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.
ആലപ്പി അഷ്റഫിന്റെ പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങൾ
യാഷിന് ഗീതു എന്ന സംവിധായികയിൽ വലിയ പ്രതീക്ഷയും വിശ്വാസവും ഒക്കെ ഉണ്ടായിരുന്നു. എന്നാൽ ആ വിശ്വാസപ്രമാണങ്ങൾക്കും പ്രതീക്ഷകൾക്കും റിലീസ് വരെ ആയുസ്സുണ്ടായിരുന്നുള്ളൂ. ഒരു ബ്രഹ്മാണ്ഡ ചിത്രം ചില്ലുകൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ എല്ലാ നിരൂപകരും തിരിഞ്ഞത് ഗീതു മോഹൻദാസ് എന്ന സംവിധായകയ്ക്ക് നേരെയാണ്.
ഇവിടെ സംവിധായകയ്ക്ക് നേരെ ആക്ഷേപവർഷങ്ങൾ ചൊരിയുന്ന മലയാള നിരൂപകരെല്ലാം തന്നെ, ആക്ഷേപത്തോടൊപ്പം കൂട്ടിച്ചേർക്കുന്ന ഒരു പഴയകാല ഓർമക്കുറിപ്പുണ്ട്. ‘കസബ’യിലെ മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധതയുള്ള സീനിനെ കുറിച്ചും, അതിലെ വനിതാ പൊലീസ് ഓഫീസർക്ക് നേരെ പറയുന്ന ഡയലോഗും അവരുടെ അരയിലെ ബെൽറ്റിലൂടെ കൈകടത്തി പിടിക്കുന്ന സീക്വൻസിനെ കുറിച്ചും ആണത്. അന്ന് അത് സ്ത്രീവിരുദ്ധതയാണെന്ന് പാർവതി തിരുവോത്തിനെ കൊണ്ട് പറയിപ്പിച്ചത് ഗീതു മോഹൻദാസ് ആണെന്നുള്ള വാർത്ത നമ്മളൊക്കെ കേട്ടതാണല്ലോ.
എന്തായാലും ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ റിലീസോടുകൂടി മമ്മൂട്ടിയെ സ്ത്രീവിരുദ്ധതയുടെ പേരിൽ ആക്ഷേപിച്ചവർക്ക് നല്ല പണി കിട്ടിയിരിക്കുകയാണ്. ‘ടോക്സിക്’ എന്ന ചിത്രത്തിലുടനീളം സെക്സിന്റെ അതിപ്രസരവും സ്ത്രീവിരുദ്ധതയും ഒക്കെയാണെന്നാണ് ആക്ഷേപം. സിനിമ കണ്ടവരെല്ലാം അന്തംവിട്ടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്—ഗീതു മോഹൻദാസിന് ഇതെന്തു പറ്റി എന്ന്! സിനിമകളിൽ ചിലതൊക്കെ കലക്ഷനിൽ മോശമാകുമ്പോഴും സിനിമയ്ക്ക് ഒരു അഭിപ്രായം ഉണ്ടാകാറുണ്ട്. ഇത് കണ്ടവരെല്ലാം ഒരേപോലെ പറയുന്നത്, ‘ടോക്സിക്’ കണ്ടിട്ട് ഒന്നും മനസ്സിലാകുന്നില്ലെന്നും കുറെ വെടിയൊച്ചകൾ മാത്രമാണുള്ളതെന്നുമാണ്. ഇതിനിടയിൽ ചിലരൊക്കെ ചോദിക്കുന്നുണ്ട്, ഈ സിനിമയെക്കുറിച്ച് പാർവതി തിരുവോത്തും ഡബ്ല്യൂസിസി അംഗങ്ങളും എന്താ ഒന്നും മിണ്ടാത്തതെന്ന്!
.ഇവിടെ നിരൂപകർ ഒന്നടങ്കം ഗീതു മോഹൻദാസിനെ എയറിൽ നിർത്തുമ്പോൾ, അധികം ആർക്കും അറിയാൻ പാടില്ലാത്ത ഒരു പിന്നാമ്പുറ കഥയുണ്ട് ഈ ചിത്രവുമായി ബന്ധപ്പെട്ട്. ഒരുപക്ഷേ, കുറച്ചധികം നാളുകൾ കഴിയുമ്പോൾ ഞാൻ പറയാൻ പോകുന്ന സംഭവകഥ അവർ തന്നെ വെളിയിൽ വിടുമായിരിക്കും. ഒരു സംവിധായകനോ സംവിധായികയോ ഒരു കഥയുണ്ടാക്കി അവരുടെ ഭാവനയ്ക്കനുസരിച്ച് അതിനെ പരിപോഷിപ്പിച്ച് മനസ്സിലിട്ട് താലോലിച്ചു വളർത്തി എങ്ങനെ മനോഹരമായ ഒരു കലാരൂപം സൃഷ്ടിക്കാം എന്നത് തികച്ചും ആ സംവിധായകന്റെ അല്ലെങ്കിൽ സംവിധായികയുടെ മനസ്സിൽ മാത്രം ഉടലെടുക്കുന്ന ഒന്നാണ്. അതിനെ മറ്റു ടെക്നീഷ്യന്മാരെല്ലാം ചേർന്ന് മൂല്യചോർച്ച സംഭവിക്കാതെ മനോഹരമായി ചിത്രീകരിച്ചെടുക്കുന്നു. അതിലെ നല്ലത് മാത്രം എഡിറ്റ് ചെയ്ത് സംഗീതവും എഫക്ടുമൊക്കെ കൊടുത്തുകൊണ്ട് കൂടുതൽ മോടിപിടിപ്പിക്കുന്നു.
ശരിക്കും ഗീതു മോഹൻദാസ് അങ്ങനെ തന്റെ മനസ്സിൽ താലോലിച്ച ആ കഥയെ രാജീവ് രവിയുമായി ചർച്ച ചെയ്ത്, വളരെ ഭംഗിയായി അവർ ഉദ്ദേശിച്ച കഥയെ മനോഹരമാക്കി ചിത്രീകരിച്ചു. സംവിധായികയ്ക്കും ക്യാമറാമാനും എന്തിന് യഷിനു പോലും അവരെടുത്തു വെച്ച സിനിമയിൽ സംതൃപ്തി ഉണ്ടായിരുന്നു. എന്നാൽ ചിത്രം പൂർത്തിയായി കണ്ടതിനു ശേഷം കാര്യങ്ങളെല്ലാം തലകീഴായി മറിഞ്ഞു. സിനിമ കണ്ട ബിസിനസ് ഗ്രൂപ്പിലെ ഭൂരിപക്ഷം പേരും ഒരേ അഭിപ്രായത്തിൽ എത്തി, ഈ ചിത്രത്തിന് നല്ല അഭിപ്രായം ലഭിച്ചേക്കാം, പക്ഷേ പണം കിട്ടില്ല! അങ്ങനെ ചർച്ചകൾ ചൂടുപിടിച്ചു.പണം നഷ്ടപ്പെടുമെന്ന് കേട്ട നിർമ്മാതാവും വിതരണക്കാരും മറ്റൊരു തീരുമാനത്തിലെത്തി: പല സീനുകളും വീണ്ടും മാറ്റി ഷൂട്ട് ചെയ്യുക. ആ തീരുമാനത്തോട് എല്ലാവരും ഒന്നുചേർന്നു. അവിടെ ഗീതുവിനെ ഒറ്റപ്പെടുത്തി, ഗീതു ആകെ ധർമ്മസങ്കടത്തിലുമായി.
ഒരു സംവിധായികയുടെ മനസ്സിൽ ഉണ്ടായിരുന്ന ആ സിനിമയെ അതുമായി ബന്ധമില്ലാത്ത ഒരുകൂട്ടം ആൾക്കാർ കൈയേറി അതിനെ റീഷഫിൾ ചെയ്തു. അങ്ങനെ അതിൽ നിരവധി പേരുടെ കൈകടത്തലുകൾ ഉണ്ടായി. ഗീതുവിന്റെ നിസ്സഹായ അവസ്ഥയിൽ ചിത്രം മറ്റൊരാളെ വച്ച് 40 ദിവസത്തോളം വീണ്ടും ഷൂട്ട് ചെയ്തു. ചുരുക്കം പറഞ്ഞാൽ, എല്ലാവരും ചേർന്ന് മഹത്തായ ഒരു കലാരൂപത്തെ വികൃതമാക്കി; കലക്ഷന് വേണ്ടി ഹോട്ട് സീക്വൻസുകളും വെടിവെപ്പുകളും ധാരാളം തിരുകിക്കേറ്റി. എല്ലാം കണ്ടും കേട്ടും നിസ്സഹായയായി സങ്കടമുള്ളിൽ ഒതുക്കി ഗീതു മോഹൻദാസ് മൗനം പാലിച്ചു നിന്നു എന്നാണ് പറയപ്പെടുന്നത്. കൊട്ടിഘോഷിച്ചുകൊണ്ട് ലോകം മുഴുവൻ ചിത്രം റിലീസ് ചെയ്യുന്നു. ചിത്രം എട്ടു നിലയിൽ പൊട്ടി നിലംപരിശാകുന്നു. ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.
രണ്ടാമത് ഷൂട്ട് ചെയ്തതിനുശേഷം ഗീതുവിന്റെ കഥയുമായിട്ട് ഇതിന് വലിയ സാമ്യം ഒന്നും ഇല്ലായിരുന്നു. ഇനി ഗീതുവിന്റെ സിനിമ ആയിരുന്നുവെങ്കിൽ ഒരിക്കലും ആ സിനിമയ്ക്ക് ഈ ഒരു ഗതി വരില്ലായിരുന്നു; കാരണം ഗീതുവിനും രാജീവ് രവിക്കും സിനിമ എന്തെന്നും അതെങ്ങനെ എടുക്കണമെന്നും അറിയാവുന്നവരാണ്. ഇനിയും അവർക്ക് അതിന് കഴിയുമെന്ന് കാലം തെളിയിക്കും.
RELATED TOPICS: TOXIC MOVIE, TOXIC MOVIE COTROVERSY, GEETU MOHANDAS, YASH TOXIC, TOXIC CINEMA
Business ⏭️


