CINEMA

ONE LAST DANCE; ദളപതി കച്ചേരിയെ ഉത്സവമാക്കി കൊറിയോഗ്രഫർ ശേഖർ മാസ്റ്റർ

ബോക്സോഫീസിൽ ഇടിമുഴക്കം സൃഷ്ടിക്കുന്ന വിജയ് ചിത്രം ജന നായകനിലെ ” one last dance” ദളപതി കച്ചേരിയിലെ തകർപ്പൻ ചുവടുകൾ ചിട്ടപ്പെടുത്തിയ കൊറിയോഗ്രാഫറുടെ പേര് ശേഖർ വി.ജെ അഥവാ ശേഖർ മാസ്റ്റർ. ഗാനരംഗത്ത് വിജയ് യോടൊപ്പം മിന്നി മറഞ്ഞു ശേഖർ മാസ്റ്റർ. 2007 ൽ മന്ത്ര എന്ന തെലുങ്ക് ചിത്രത്തിലൂടെ തുടക്കം കുറിച്ച ശേഖർ മാസ്റ്റർ തെലുങ്ക്, തമിഴ്,കന്നഡ,ഹിന്ദി ഭാഷകളിലായി ഇതുവരെ നൂറോളം സിനിമകൾക്ക് നൃത്ത സംവിധാനം നിർവഹിച്ചു . വിജയ്ക്ക് വേണ്ടി ശേഖർ മാസ്റ്റർ നൃത്തച്ചുവടുകളൊരുക്കുന്നത് ഇത് രണ്ടാം തവണയാണ്. ഗോട്ടിലെ മട്ട… മട്ട.. എന്ന ഗാനത്തിലാണ് ഇരുവരും ഒന്നിച്ചത്. നൃത്തച്ചുവടുകൾ കോപ്പിയടിച്ചെന്ന പേരിൽ പല തവണ വിമർശനങ്ങൾക്കും വിധേയനായിട്ടുണ്ട് ശേഖർ മാസ്റ്റർ. എന്നാൽ എല്ലാ വിമർശനങ്ങളുടെയും മുനയൊടിച്ചിരിക്കുകയാണ് ദളപതി കച്ചേരിയുടെ സ്റ്റെപ്സൊരുക്കിക്കൊണ്ട് ശേഖർ മാസ്റ്റർ.ഒരു ചാനൽ റിയാലിറ്റി ഷോയിലെ ജഡ്ജ് എന്ന നിലയിലുള്ള പ്രതികരണങ്ങളുടെ പേരിലും പലപ്പോഴും സോഷ്യൽ മീഡിയയുടെ വിമർശനങ്ങൾക്ക് വിധേയനായിട്ടുണ്ട്.1980 നവംബർ 7ന് ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് ശേഖർ ജനിച്ചത്. ഇന്റർമീഡിയറ്റ് പഠനം വരെ വിജയവാഡയിൽ . 1996ൽ ഹൈദരാബാദിലേക്ക് മാറി.അമ്മാവൻ മുഖേന ആക്ഷൻ കോർഡിനേറ്റർ സാംബശിവ റാവുവിനെ പരിചയപ്പെട്ടതാണ് സിനിമാ ലോകത്തേക്കുള്ള ശേഖറിന്റെ വഴിത്തിരിവ്. ശേഖറിന്റെ നൃത്തത്തിലുള്ള കഴിവ് ശ്രദ്ധിച്ച സാംബശിവ റാവു സിനിമയിൽ കരിയർ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിച്ചു.
1996ൽ തെലുങ്ക് ഫിലിം & ടി.വി ഡാൻസ് ഡയറക്ടേഴ്സ് അസോസിയേഷനിൽ ബാക്ക്ഗ്രൗണ്ട് ഡാൻസറായി അംഗത്വം നേടി. പ്രമുഖ കൊറിയോഗ്രാഫർ രാകേഷ് മാസ്റ്ററുടെ ശിഷ്യനായും പരിശീലനം നേടി.
ആറ് വർഷത്തോളം ബാക്ക്ഗ്രൗണ്ട് ഡാൻസറായി പ്രവർത്തിച്ച ശേഖർ, തുടർന്ന് എട്ട് വർഷം അസിസ്റ്റന്റ് കൊറിയോഗ്രാഫറായി ജോലി ചെയ്ത ശേഷമാണ് സിനിമകളിൽ സ്വതന്ത്ര കൊറിയോഗ്രാഫറായി അരങ്ങേറ്റം കുറിച്ചത്.


Business ⏭️

Back to top button