സിനിമയിലെ 16-ാം വർഷം , അജു വർഗീസ് കന്നടയിൽ

ദ ടാറ്റ് 2വുമായി തമിഴിൽ
മലയാളത്തിന്റെ പ്രിയതാരം അജു വർഗീസ് കന്നട അരങ്ങേറ്റം നടത്തുന്നു. ഡിസ്‌കോറാണി എന്ന ചിത്രത്തിലൂടെയാണ് കന്നടയിൽ എത്തുന്നത്. സിനിമയിൽ എത്തി 16 വർഷങ്ങൾ പിന്നിടുന്ന വേളയിൽ ഒരേ സമയം കന്നട, തമിഴ് ചിത്രങ്ങളുടെ പ്രഖ്യാപനം അജുവർഗീസ് തന്നെ നടത്തി. ദ ടാറ്റ് 2 ആണ് തമിഴ് ചിത്രം. ശിവശങ്കര രചനയും സംവിധാനവും നിർവഹിക്കുന്ന ഡിസ്കോ റാണിയിൽ സഞ്ജൻ കജേയും പല്ലവി മഞ്ജുനാഥും ആണ് നായകനും നായികയും. എം.കെ.എസ്. ഫിലിംസ് ആണ് നിർമ്മാണം. യൂട്യൂബറും ഇൻഫ്ളൂവൻസറുമായ ശേഷം അഭിനേതാവായി മാറിയ സതീഷ് കുമാറും അജു വർഗീസും ആണ് ദ ടാറ്റ് 2വിലെ പ്രധാന താരങ്ങൾ. വേണു ദേവരാജ് രചനയും സംവിധാനവും നിർവഹിക്കുന്നു. ഒരു കുറ്റകൃത്യത്തിന്റെ പശ്ചാത്തലം സൂചിപ്പിക്കുന്ന വിധം ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അജുവിന്റെ കഥാപാത്രം കൊലപാതകത്തെക്കുറിച്ചുള്ള പുസ്തകം വായിക്കുന്നതും കാണാം. ഡിറ്റക്ടീവ് കോമഡി ചിത്രം എന്നാണ് സൂചന. കുഹാസിനി ഗണശേഖരൻ ആണ് നായിക. അവിനാഷ് സുബ്രയാൻ ഛായാഗ്രഹണവും അശ്വിൻകൃഷ്ണ സംഗീതവും നിർവഹിക്കുന്നു. പോപ് അപ് ഫിലിംസിന്റെ ബാനറിൽ രഞ്ജുവും സഞ്ജുവും ചേർന്നാണ് നിർമ്മാണം. റാം സംവിധാനം ചെയ്ത ‘പറന്തു പോ” എന്ന ചിത്രത്തിലൂടെയാണ് അജു വർഗീസിന്റെ തമിഴ് അരങ്ങേറ്റം. സൂര്യ നായകനായ
കറുപ്പ് എന്ന ചിത്രത്തിൽ അതിഥിവേഷവും അവതരിപ്പിച്ചു. അതേസമയം മലയാളത്തിലെ ആദ്യ ഏലിയൻ ചിത്രമായി ഒരുങ്ങുന്ന പ്ളൂട്ടോ ആണ് അജുവർഗീസിന്റേതായി റിലീസിന് ഒരുങ്ങുന്നത്. നീരജ് മാധവ്, അൽത്താഫ് സലിം എന്നിവരോടൊപ്പം അജു വർഗീസും പ്രധാന കഥാപാത്രങ്ങളായി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന പ്ളൂട്ടോ ജൂലായ് 30ന് പ്രദർശനത്തിനെത്തും.
Business ⏭️


