NEWS
വിപിവിവി നിക്ഷേപത്തട്ടിപ്പ്: ഒന്നരക്കോടി തട്ടിച്ചെന്ന പരാതിയിൽ ഒത്തുതീർപ്പ്; പ്രതികൾക്ക് ജാമ്യം

ന്യൂഡൽഹി ∙ വിപിവിവി നിക്ഷേപത്തട്ടിപ്പിൽ ഒന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്ന പരാതി ഡൽഹിയിൽ ഒത്തുതീർപ്പാക്കി. ഇതോടെ കേസിൽ അറസ്റ്റിലായ വെങ്കിട്ട വെങ്കിട്, രാഹുൽ രാജീവ് നായർ, ഹിതേഷ് കുമാർ എന്നിവർക്കു ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. ഇൻഡോ–യുഎസ് പസഫിക് പീസ് ട്രീറ്റിയുടെ ഭാഗമായി സാങ്കേതിക ഉപകരണങ്ങളുടെ നിർമാണക്കരാർ നൽകാമെന്നു വാഗ്ദാനം ചെയ്ത് 1.5 കോടി രൂപ തട്ടിയെന്നാരോപിച്ചു ബെംഗളൂരുവിലെ എസ്ആർഐടി ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ മധു നമ്പ്യാർ നൽകിയ പരാതിയിലാണ് ഇത്.2 കോടി രൂപ നഷ്ടപരിഹാരമായി നൽകാമെന്ന വ്യവസ്ഥയിൽ പരാതി ഒത്തുതീർപ്പാക്കിയെന്നു പരാതിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് പൊലീസും പറഞ്ഞു. അതോടെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഭവ്യ കരായിൽ വെങ്കിട് ഉൾപ്പെടെയുള്ളവർക്കു ജാമ്യം അനുവദിച്ചു.രണ്ടു ലക്ഷം രൂപ വീതം കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് 3 പേർക്കും ജാമ്യം നൽകിയത്. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ഭീഷണിപ്പെടുത്തരുത്. നിലവിലെ വിലാസത്തിൽ നിന്നു മാറിയാൽ കോടതിയെ അറിയിക്കണം.
Fashion ⏭️

