SPORTS

ഒന്നര ലക്ഷം രൂപ വിലയുള്ള ബാറ്റുകൾ കള്ളൻ കൊണ്ടുപോയി, തിരിച്ചുതന്നാൽ പണം കൊടുക്കാമെന്ന് മുൻ ഇന്ത്യൻ താരം


ലക്നൗ∙ പരിശീലനത്തിനിടെ ലക്ഷങ്ങൾ വില വരുന്ന ക്രിക്കറ്റ് ബാറ്റുകൾ കാണാനില്ലെന്ന പരാതിയുമായി ഇന്ത്യൻ‍ ക്രിക്കറ്റ് താരം ദീപക് ചാഹർ. ആകെ ഒന്നര ലക്ഷം രൂപയോളം വിലയുള്ള പ്ലേയര്‍ എഡിഷൻ ബാറ്റുകളാണ് പരിശീലന ഗ്രൗണ്ടിൽവച്ച് മോഷണം പോയതെന്ന് ചാഹർ സമൂഹമാധ്യമത്തിലെ വിഡിയോയിൽ പ്രതികരിച്ചു. വില അറിയാതെയായിരിക്കാം ബാറ്റ് എടുത്തുകൊണ്ടുപോയതെന്നും വിഡിയോയിൽ പറയുന്നു. ‘‘കഴിഞ്ഞ ദിവസം വൈകിട്ട് ഇവിടെ നിന്നാണ് എന്റെ മൂന്നു ബാറ്റുകൾ മോഷണം പോയത്. ഞാൻ എന്തു ചെയ്യണമെന്നാണു നിങ്ങൾക്കു തോന്നുന്നത്? എല്ലാം വളരെ നല്ല ബാറ്റുകളായിരുന്നു. ഇതിന് എത്രത്തോളം വിലയുണ്ടെന്നു പോലും എടുത്ത ആൾക്ക് അറിയണമെന്നില്ല.’’- ദീപക് ചാഹർ പ്രതികരിച്ചു.ഇന്ത്യയ്ക്കായി 13 ഏകദിനങ്ങളും 25 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള പേസറാണ് ദീപക് ചാഹർ. ഏകദിനത്തിൽ 16 ഉം ട്വന്റി20യിൽ 31 ഉം വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2023 ഡിസംബറിലാണ് താരം ഇന്ത്യൻ ടീമിൽ ഒടുവിൽ കളിച്ചത്. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയായ ദീപക് ആഭ്യന്തര ക്രിക്കറ്റിൽ രാജസ്ഥാനു വേണ്ടിയാണു കളിക്കുന്നത്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടി കളിക്കുന്ന താരം ഒരു സീസണിൽ 9.25 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്.


Auto ⏭️

Back to top button