NEWS

കെഎസ്ഇബിക്ക് ലഭിച്ചത് ജിഎന്‍എയുടെ അറിയിപ്പ് മാത്രം: വൈദ്യുതി മന്ത്രിയുടെ വാദം തള്ളി വിതരണക്കാര്‍

ജിഎന്‍എ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒടിസി പ്ലാറ്റ്‌ഫോമിനെക്കുറിച്ചും അതിന്റെ കരാര്‍ ലാഭത്തെയും ചൊല്ലി മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മില്‍ ഭിന്നത നിലനില്‍ക്കെ, ഒക്‌ടോബര്‍ 23-ന് കെഎസ്ഇബിക്ക് ജിഎന്‍എ അയച്ച കത്ത് പുറത്തുവന്നു. വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബിയെ തഴഞ്ഞ് കമ്പനി നേരിട്ട് സര്‍ക്കാരിനെ സമീപിച്ചുവെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍, ജിഎന്‍എ സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അംബരീഷ് കുമാര്‍ ഖരെ കെഎസ്ഇബി സിഎംഡിക്ക് അയച്ച കത്തില്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വൈദ്യുതി ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

നവംബര്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 500 മെഗാവാട്ട് വൈദ്യുതി യൂണിറ്റ് ഒന്നിന് 8.63 രൂപ നിരക്കില്‍ നാല് മണിക്കൂര്‍ വീതം ലഭ്യമാണെന്നാണ് കത്തില്‍ വിശദീകരിക്കുന്നത്. വൈദ്യുതി കൈമാറ്റം ചെയ്യുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും വിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള ഒടിസി (ഓവര്‍ ദ് കൗണ്ടര്‍) പ്ലാറ്റ്‌ഫോമാണ് ജിഎന്‍എ. തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള വൈദ്യുതി ലഭ്യമാണെന്ന വിവരം കെഎസ്ഇബിയെ ധരിപ്പിക്കുക മാത്രമാണ് ഇതിലൂടെ കമ്പനി ചെയ്തത്. ഈ വൈദ്യുതി വാങ്ങാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ കെഎസ്ഇബി കൗണ്ടര്‍ ലിസ്റ്റിങ് നടത്തണമെന്നും, തുടര്‍ന്ന് വിതരണക്കാരുമായി ചര്‍ച്ച നടത്തി കരാര്‍ വ്യവസ്ഥകള്‍ അന്തിമമാക്കണമെന്നും കത്തില്‍ പ്രത്യേകം എടുത്തുപറയുന്നു.

ഇടപാടുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും ഇതിനകം തന്നെ പ്ലാറ്റ്‌ഫോം കെഎസ്ഇബിക്ക് കൈമാറിയിട്ടുണ്ട്. കെഎസ്ഇബിയുടെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒടിസി പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റിങ് നടപടികളുമായി മുന്നോട്ടുപോകാന്‍ കമ്പനി കത്തിലൂടെ ഔദ്യോഗികമായി അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

Fashion ⏭️

Back to top button