CINEMA

മൂന്നാം വിവാഹത്തിന്റെ തിരക്കിൽ ആമീർ ഖാൻ, ചടങ്ങ് ജൂലായ് അഞ്ചിന്, പങ്കെടുക്കുക സുഹൃത്തുക്കളും ബന്ധുക്കളും മാത്രം


Aamir Khan, Gauri Spratt

ബോളിവുഡ് താരം ആമീർ ഖാൻ തന്റെ വ്യക്തിജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഒരുങ്ങുകയാണ്. തന്റെ ദീർഘകാല പങ്കാളിയായ ഗൗരി സ്പ്രാട്ടുമായുള്ള വിവാഹം ജൂലായ് അഞ്ചിന് ഒരു സ്വകാര്യ ചടങ്ങിൽ നടക്കും. അടുത്ത ബന്ധുക്കളും ചുരുക്കം ചില സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലാണ് വിവാഹം രജിസ്റ്റർ ചെയ്യുന്നത്. ആമിറിന്റെ മുംബയിലുള്ള വസതിയിലായിരിക്കും ചടങ്ങ് നടക്കുക.

ഈ വർഷം ആദ്യം തന്റെ 60ാം ജന്മദിനാഘോഷ വേളയിലാണ് ആമീർ ഗൗരിയുമായി ബന്ധം ഔദ്യോഗികമായി അറിയിക്കുന്നത്. പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ആമീറും ഗൗരിയും തമ്മിൽ രണ്ട് പതിറ്റാണ്ടുകളോളമായുള്ള പരിചയമുണ്ട്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ, നിർമ്മാതാവായ കിരൺ റാവുവുമായുള്ള ആമിറിന്റെ വേർപിരിയലിനു ശേഷമാണ് പ്രണയത്തിലായത്. ഇരുവരും ഇപ്പോൾ ഒരുമിച്ച് താമസിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

വിവാഹം ലളിതമായ ഒന്നായിരിക്കുമെന്ന് ആമിർ നേരത്തെ സൂചിപ്പിച്ചിരുന്നു. ‘വീട്ടിൽ വച്ച് നടത്തുന്ന ലളിതമായ ഒരു രജിസ്റ്റർ വിവാഹമായിരിക്കും ഉണ്ടാകുക. ഞങ്ങളുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ. വളരെ ലളിതമായിത്തന്നെ ഇത് നടത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’- ആമീർ നേരത്തെ പറഞ്ഞു. ബോളിവുഡിൽ സാധാരണയായി കണ്ടുവരുന്ന ആഡംബരപൂർണ്ണമായ സെലിബ്രിറ്റി വിവാഹങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും ആമീറിന്റെ വിവാഹം.

ആരാണ് ഗൗരി സ്പ്രാട്ട്?

ബംഗളൂരു സ്വദേശിയായ ഗൗരി വർഷങ്ങളോളമായി സൗന്ദര്യ-ക്ഷേമ മേഖലയിൽ പ്രവർത്തിക്കുന്നു. അമ്മ ആരംഭിച്ച സലൂൺ ബിസിനസ് കൈകാര്യം ചെയ്യുന്ന ഗൗരി ആമിർ ഖാന്റെ പ്രൊഡക്ഷൻ കമ്പനിയുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. തൊഴിൽമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും ഗൗരി പൊതുശ്രദ്ധയിൽ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആമീർ ഖാന്റെ വ്യക്തിജീവിതം മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. 1986ൽ റീന ദത്തയെ വിവാഹം കഴിച്ച അദ്ദേഹം, 16 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2002ൽ അവരുമായി വേർപിരിഞ്ഞു. ജുനൈദ് ഖാൻ, ഇറ ഖാൻ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്. ശേഷം 2005ൽ ചലച്ചിത്ര പ്രവർത്തകയായ കിരൺ റാവുവിനെ വിവാഹം കഴിച്ചു. 2021ൽ പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. മകൻ ആസാദിന്റെ കാര്യങ്ങൾക്കായി ഇരുവരും ഒന്നിക്കാറുണ്ട്. തന്റെ മുൻഭാര്യമാരുമായി ഊഷ്മളമായ ബന്ധം നിലനിർത്തുന്നതിനെക്കുറിച്ച് ആമിർ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. കുടുംബപരമായ ചടങ്ങുകളിലും പൊതുപരിപാടികളിലും അവർ അദ്ദേഹത്തോടൊപ്പം പ്രത്യക്ഷപ്പെടാറുമുണ്ട്.

RELATED TOPICS: AAMIR KHAN WEDDING, GAURI SPRATT, AAMIR KHAN MARRIAGE, AAMIR KHAN THIRD WEDDING, AAMIR KHAN JULY 5 WEDDING


Source link

Back to top button