NEWS

ഓപ്പറേഷൻ തൂഫാന് പ്രത്യേക ടാസ്‌ക് ഫോഴ്‌സ്; പെരുമ്പാവൂരിലെ മുഴുവൻ ജനങ്ങളും ‘തൂഫാൻ വോറിയേഴ്സ്’


പെരുമ്പാവൂർ∙ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കേരള പൊലീസ് സംഘടിപ്പിച്ച ‘തൂഫാൻ ജാഗരൺ’ പെരുമ്പാവൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുടനീളമുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനങ്ങൾ കടന്നുള്ള ലഹരി ശൃംഖലകളെ തകർക്കുന്നതിനും ഈ ടാസ്‌ക് ഫോഴ്‌സ് നേതൃത്വം നൽകും.അതോടൊപ്പം, പെരുമ്പാവൂരിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അധിക പൊലീസ് ഉദ്യോഗസ്ഥരെയും നിയമിക്കും. ഓപ്പറേഷൻ തൂഫാനിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പെരുമ്പാവൂർ പൊലീസ് സംഘത്തെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ഇന്റലിജൻസ് വിവരങ്ങൾ പങ്കുവച്ചും സംയുക്ത ഓപ്പറേഷനുകൾ നടത്തിയും ലഹരി മാഫിയയെ വേരോടെ പിഴുതെറിയും. ഇതിനായി കർണാടക, തമിഴ്‌നാട്, പുതുച്ചേരി, തെലങ്കാന സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ജൂലായ്‌ 10ന്‌ സംസ്ഥാന പൊലീസ്‌ മേധാവിയുടെ നേതൃത്വത്തിൽ യോഗം ചേരും. മനോജ് മൂത്തേടൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. ബെന്നി ബെഹനാൻ എം.പി, വി.പി സജീന്ദ്രൻ എം.എൽ.എ, സംസ്ഥാന പൊലീസ്‌ മേധാവി റവാഡ ചന്ദ്രശേഖർ, എൽദോസ്‌ കുന്നപ്പിള്ളി, ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫിസർ പുട്ട വിമലാദിത്യ, ബ്ലോക്ക് പ്രസിഡന്റ്‌ സുനിൽ,എസ്‌. ഷറഫ്‌, ഒ. ദേവസ്യ, പി. സക്കീർഹുസൈൻ, പെരുമ്പാവൂർ മുനിസിപ്പൽ ചെയർപഴ്സൻ‍ സംഗീത കെ.എൻ, ആലുവ റൂറൽ എസ്‌.പി സുദർശൻ എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്ക് രണ്ട് മണിക്ക് പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ആരംഭിച്ച ലഹരിവിരുദ്ധ ബഹുജന റാലി മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ സമാപിച്ചു. ആഭ്യന്തര മന്ത്രി ‘തൂഫാൻ’ പതാക ഉയർത്തി. ലഹരിവിരുദ്ധ സന്ദേശമുയർത്തി തൂഫാൻ ബലൂണുകൾ ആകാശത്തേക്ക് പറത്തിവിട്ടു. ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  വ്യാപാര-വ്യവസായ മേഖലയിലെ പ്രതിനിധികളുമായി മുഖാമുഖം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ആഭ്യന്തര മന്ത്രി കണ്ടന്തറ ഭായ് കോളനി സന്ദർശിച്ച് പ്രദേശവാസികളുമായി  ആശയവിനിമയം നടത്തി. തുടർന്ന് അതിഥി തൊഴിലാളികളുമായി മുഖാമുഖം സംഘടിപ്പിച്ചു. പ്രതിനിധികൾക്ക് ‘തൂഫാൻ വോറിയർ’ ബാഡ്ജ് സമ്മാനിച്ച മന്ത്രി, ഹിന്ദിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. തുടർന്ന് ജനപ്രതിനിധികളും സംസ്ഥാന പൊലീസ് മേധാവിയും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഭായ് കോളനി നിവാസികളുമായും തദ്ദേശവാസികളുമായും കൂടിക്കാഴ്ച നടത്തി.


Source link

Back to top button